Sunday, November 8, 2026

രാജ്യസഭയിലും തികഞ്ഞ പരാജയമായി മുസ്ലീം ലീഗ്; വൈകി എത്തിയ എം പി അബ്ദുള്‍ വഹാബിന് മുത്തലാഖ് ബില്ലിന്മേല്‍ പ്രസംഗിക്കാനായില്ല

ദില്ലി: കൃത്യസമയത്ത് ഹാജരാകാതെ രാജ്യസഭയിലും പരാജയമായി മുസ്ലിം ലീഗ് . പേര് വിളിച്ച സമയത്ത് ഹാജരാവാത്തതിനാല്‍ മുസ്ലിം ലീഗിന്‍റെ ഏക രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബിന് പാര്‍ലമെന്റിലെ മുത്തലാഖ് ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കാനായില്ല. സഭയിലില്ലാത്തതിനെത്തുടര്‍ന്ന് അവസരം നഷ്ടപ്പെട്ട വഹാബ് വീണ്ടും അവസരത്തിനായി അപേക്ഷിച്ചെങ്കിലും അനുവദിച്ച്‌ കിട്ടിയില്ല. ചര്‍ച്ച അവസാനിപ്പിച്ച്‌ നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് വഹാബ് സഭയില്‍ എത്തിച്ചേര്‍ന്നത്.

ഉച്ചയ്ക്ക് 12 മണി മുതല്‍ നാല് മണിക്കൂര്‍ നേരമാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാല്‍ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചര്‍ച്ച തുടര്‍ന്നെങ്കിലും വഹാബ് എത്തിയില്ല. ബില്ലിനെതിരായി വോട്ട് ചെയ്തെങ്കിലും നിയമനിര്‍മ്മാണത്തെ എതിര്‍ക്കുന്ന കക്ഷിയെന്ന നിലയില്‍ ലീഗിന്‍റെ നിലപാട് സഭയില്‍ അവതരിപ്പിക്കാനും പ്രതിഷേധം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനും വഹാബിന് സാധിക്കാതെ വന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 84 നെതിരെ 99 വോട്ടുകള്‍ക്കാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കിയത്. എന്‍.ഡി.എ ഘടകകക്ഷികളായ ജെഡിയു, എ.ഐ.എ.ഡി.എം.കെ കക്ഷികളും ടി.ആര്‍.എസ്, ടി.ഡി.പി കക്ഷികളും വോട്ടെടുപ്പില്‍നിന്ന് മാറി നിന്നു.

Related Articles

Latest Articles