Wednesday, May 8, 2024
spot_img

കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റ് ഒരു ദിവസം വീണത് 23 വിക്കറ്റുകൾ, ദക്ഷിണാഫ്രിക്ക പതറുന്നു

കേപ് ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ നാടകീയമായ രംഗങ്ങൾക്കാണ് കേപ്‌ടൗണിലെ ന്യൂലാൻ്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ 23 ഓവറിൽ 55 റൺസിനാണ് ദക്ഷിണാഫ്രിക്ക കൂടാരം കയറിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കും ഒട്ടും എളുപ്പമായില്ല ബാറ്റിംഗ്. ഒരുഘട്ടത്തിൽ 153ന് നാല് എന്ന നിലയിൽ നിന്ന് 153ന് ഓൾഔട്ട് എന്ന നാണക്കേടിലേക്ക് ഇന്ത്യ വീണു. ഓപ്പണർ യശസ്വി ജെയ്‌സ്വാളടക്കം ഏഴ് താരങ്ങൾ റണ്ണൊന്നും നേടിയില്ല.

ബൗളിംഗിൽ 15 റൺസ് മാത്രം വഴങ്ങി ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകൾ വീഴ്‌‌ത്തിയ സിറാജാണ് തിളങ്ങിയത്. രണ്ടോവറിൽ റണ്ണൊന്നും വഴങ്ങാതെ മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 25 റൺസ് വഴങ്ങി ബുംറയും രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ കൊഹ്‌ലി (46), നായകൻ രോഹിത്ത് (39), ഗിൽ (36) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വീണ്ടും തകർച്ചയോടെയാണ് തുടങ്ങിയത്. 50 റൺസ് നേടുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകൾ വീണു. അവസാന ടെസ്റ്റ് കളിക്കുന്ന നായകൻ എൽഗാർ (12), ടോണി ഡി സോസി (1), തുടക്കക്കാരൻ സ്റ്റ‌ബ്‌സ് (1) എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയ മുകേഷാണ് രണ്ടാം ഇന്നിംഗ്‌സിൽ ആതിഥേയരെ കുഴക്കിയത്. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 62 റൺസ് നേടിയിട്ടുണ്ട്.

Related Articles

Latest Articles