Thursday, May 9, 2024
spot_img

സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലർ ! ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ടെന്നും പുതിയ വിസിയിൽ പ്രതീക്ഷയുണ്ടെന്നും പ്രതികരിച്ച്‌ സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണയ്ക്കും അതിക്രൂര മർദ്ദനത്തിനും ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും കെഎസ് അനില്‍ പ്രതികരിച്ചു.

“അന്വേഷണ കമ്മീഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല . കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധന സഹായം നൽകും. റാഗിങ് പോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കാര്യങ്ങൾ കമ്മീഷന്‍റെ പരിധിയിലാണ് വരുന്നത്. വൈസ് ചാൻസിലർ ഓഫീസിലെ എല്ലാവരും പുതിയതാണ്. ” – കെഎസ് അനില്‍ പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ടെന്നും. പുതിയ വിസിയിൽ പ്രതീക്ഷയുണ്ടെന്നും ആശങ്കയെല്ലാം അറിയിച്ചിട്ടുണ്ടെന്നും നീതിപൂർവമായ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു

“സിബിഐ അവര്‍ കൊലപാതകത്തെ കുറിച്ച് മാത്രമായിരിക്കും അന്വേഷിക്കുന്നത്, ഈ അന്വേഷണ കമ്മീഷനാകുമ്പോള്‍ അതിന് പുറമെയുള്ള പല കാര്യങ്ങളും അന്വേഷിക്കുന്നുണ്ടായിരിക്കും. അങ്ങനെ എന്തെങ്കിലും ലക്ഷ്യം ഗവര്‍ണര്‍ക്കുമുണ്ടായിരിക്കും, അതിനാല്‍ രണ്ട് അന്വേഷണങ്ങളും സമാന്തരമായി പോകട്ടെ. ആദ്യത്തെ രണ്ട് വിസിമാരോടും തങ്ങള്‍ എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചിരുന്നതാണ്, എന്നാല്‍ അവര്‍ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞുപോയി, എന്നിട്ട് സസ്പെൻഡ് ചെയ്ത എല്ലാവരെയും തിരിച്ചെടുത്തു, അതില്‍ പല താല്‍പര്യങ്ങളുമുണ്ട് .”- ജയപ്രകാശ് പറഞ്ഞു.

ഇന്നലെയാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഗവര്‍ണര്‍ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. സിബിഐ അന്വേഷണം വരെ അട്ടിമറിക്കപ്പെടുന്നുവെന്ന് സിദ്ധാര്‍ത്ഥന്‍റെ കുടുംബവും പ്രതിപക്ഷവും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം പ്രഖ്യാപിക്കുന്നത്.ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. വിസിയുടെയും ഡീനിൻറെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും.

കേസ് സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് ഒരാഴ്ചയോളം വൈകിയത് വൻ വിവാദമായിരുന്നു. വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16ന് ആണ്.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന സിദ്ധാർഥന്റെ മാതാവിന്റെ അപേക്ഷ പിതാവാണു നേരിട്ടെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്. കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകുന്നേരം ആഭ്യന്തരവകുപ്പ് വിജ്ഞാപനം ഇറക്കി. ദില്ലി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ കോപ്പി സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ ഒരാഴ്ചയാണ് വൈകിയത്.

Related Articles

Latest Articles