Saturday, April 27, 2024
spot_img

ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കവർന്നതിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് പോലീസ് ! കവർച്ച നടന്ന അതേ ദിവസം മംഗലാപുരത്ത് നടന്ന മോഷണത്തിന് പിന്നിലും ഈ മൂവർ സംഘം തന്നെയാണെന്ന് സംശയം

കാസർഗോഡ് : മഞ്ചേശ്വരം ഉപ്പളയില്‍ പട്ടാപ്പകൽ സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച പണം വാഹനത്തിന്റെ ഗ്ളാസ് തകർത്ത് കവർന്ന സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് പോലീസ്. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന സംഘം കവർച്ചയ്ക്ക് ശേഷം ശേഷം ആ ഭാഗത്തേക്ക് തന്നെയാണ് രക്ഷപ്പെട്ട് പോയതെന്നാണ് കരുതുന്നത്. കേസിൽ നിലവിൽ ആരെയും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. കവർച്ച നടന്ന ഇക്കഴിഞ്ഞ ബുധനാഴ്ച ഇതേസംഘം മംഗലാപുരത്ത് സമാനമായ മറ്റൊരു മോഷണം കൂടി നടത്തിയിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഉപ്പളയിൽ നടന്നതിന് സമാനമായി വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് സീറ്റിലിരുന്ന ലാപ്ടോപ് ആണ് മോഷ്ടിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍ നിന്നാണ് പണം കവർന്നത്. ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എടിഎമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യ ഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചത്. വാഹനത്തിന്റെ ഏറ്റവും പിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിലെത്തിയപ്പോള്‍ ഇവിടത്തെ എടിഎമ്മിൽ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ജീവനക്കാര്‍ പുറകിൽ നിന്ന് വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിലെടുത്തുവെച്ചു. ശേഷം ആദ്യത്തെ 50 ലക്ഷംനിറയ്ക്കാനായി ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്ത് എടിഎം കൗണ്ടറിലേക്ക് പോയി. ഈ സമയം വാഹനത്തിലെ സീറ്റില്‍ വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് മോഷ്ടാവ് കവര്‍ന്നത്. ആദ്യഘട്ടത്തിൽ മോഷ്ടാവ് ഒരാളായിരുന്നു എന്നാണ് നിഗമനമെങ്കിലും ഇപ്പോൾ മൂന്നംഗ സംഘത്തിലേക്കാണ് പോലീസ് വിരൽ ചൂണ്ടുന്നത്.

മംഗലാപുരത്ത് നിന്നാണ് ഇവരെത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. ഉപ്പളയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു വാഹനത്തില്‍ മംഗലാപുരത്തേക്ക് തിരിച്ച് പോയി എന്നാണ് നിഗമനം.

കേസുമായി ബന്ധപ്പെട്ട് നൂറിലധികം സുരക്ഷാ ക്യാമറകള്‍ അന്വേഷണ സംഘം ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. ഉപ്പള നഗരത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മോഷണത്തിന് പിന്നില്‍ ഇതര സംസ്ഥാനക്കാരാണെന്നും സംശയമുണ്ട്.

മതിയായ സുരക്ഷാസംവിധാനമില്ലാതെ പണം കൊണ്ടുവന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാൻ സ്വകാര്യ കമ്പനിക്ക് ഇതുവരെയും ആയിട്ടില്ല. ഒരു കോടി 45 ലക്ഷം രൂപയുമായി ഉപ്പളയില്‍ എത്തുമ്പോള്‍ തോക്കേന്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ഇല്ലാത്തത്, വാഹനത്തിന്‍റെ ഇരുവശത്തേയും ഗ്രില്‍ ഇളക്കി മാറ്റി വച്ചത്, സീറ്റില്‍ അലക്ഷ്യമായി അരക്കോടി സൂക്ഷിച്ചത് തുടങ്ങിയവയിലും ദുരൂഹതയുണ്ട്

Related Articles

Latest Articles