മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. സുഹൃത്ത് സനൽ കുമാറിനൊപ്പമാണ് മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. ഇന്നലെ വെളുപ്പിന് നാലുമണിയോടെ എത്തിയ അദ്ദേഹം ദേർഘനേരം ക്ഷേത്രത്തിൽ ചെലവിട്ടു. പ്രത്യേക വഴിപാടുകൾ നടത്തി പ്രാർത്ഥനയ്ക്ക് ശേഷം മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് മടങ്ങിയത്. മോഹൻലാലിനെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ഷൂട്ടിങ് ഇടവേളകളിൽ മോഹൻലാൽ നടത്തുന്ന ക്ഷേത്ര ദർശനങ്ങൾ നേരത്തെയും വാർത്തയായിരുന്നു. മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിലെത്തി മറികൊത്തൽ വഴിപാട് നടത്തിയിരുന്നു.
കേരളത്തിലെ അതി പുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാ ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന മണ്ണാറശ്ശാല ക്ഷേത്രം. ശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗമാതാവായ സർപ്പയക്ഷിയുമാണ് മുഖ്യ പ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്ണുനാഗവും മഹാവിഷ്ണുവിന്റെ ശയനവുമായ നാഗരാജാവായ “അനന്തൻ (ആദിശേഷൻ)” കുടികൊള്ളുന്നു.

