പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയ്ക്ക് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ഒരു കോടിയോളം പണം, ആഭരണങ്ങള്‍, ആഡംബര വാച്ചുകളുടെ വലിയ ശേഖരം, കണക്കില്‍പെടാത്ത സ്വത്തുക്കളുമാണ് വിജിലന്‍സ് കണ്ടെത്തിയത്.
പട്‌നയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ട് (സപ്ലൈ) രവീന്ദ്ര കുമാര്‍ ദിവാകറിന്റെയും, ദാനാപ്പൂരിലെ ജില്ലാ സബ്-രജിസ്ട്രാറായ അദ്ദേഹത്തിന്റെ ഭാര്യ കുമാരി സ്വീറ്റിയുടെയും വസതിയിലാണ് റെയ്ഡ് നടന്നത്. ബിഹാറിലെ വിജിലന്‍സ് സംഘം ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്ന പട്‌നയിലെ വീട്ടിലും ഇവരുടെ ബെഗുസരായിയിലെ മറ്റൊരു വീട്ടിലും ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 48 ആഡംബര വാച്ചുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്.
വിജിലന്‍സ് ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പട്‌നയില്‍ രവീന്ദ്ര കുമാര്‍ ദിവാകറിന്റേയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരില്‍ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ലാറ്റുകള്‍ വാങ്ങിയിട്ടുണ്ട്. കൂടാതെ 1.28 കോടി രൂപ വിലമതിക്കുന്ന സ്ഥലങ്ങള്‍ പട്‌നയില്‍ വാങ്ങി. ഇത് ഭാര്യയുടേയും ദിവാകറിന്റെ അച്ഛന്റേയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജിലന്‍സിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തു വന്നാലേ പിടിച്ചെടുത്ത വ്‌സതുക്കളുടെ യഥാര്‍ഥ മൂല്യം അറിയാന്‍ സാധിക്കൂ.

