ദില്ലി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ട്രസ്റ്റ് രൂപീകരണം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്സഭയില്‍ പ്രഖ്യാപനം നടത്തിയത്. ശ്രീരാമ ജന്മഭൂമി തീര്‍ഥ് ക്ഷേത്ര എന്നാണ് ട്രസ്റ്റിന്റെ പേര്.
ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന് പൂര്‍ണ സ്വാതന്ത്യമുണ്ടാകും. അയോധ്യയിലെ മുഴുവന്‍ ഭൂമിയും ട്രസ്റ്റിന് കൈമാറും. സര്‍ക്കാര്‍ ഏറ്റെടുത്ത് 67.77 ഏക്കര്‍ ഭൂമിയും ട്രസ്റ്റിനു നല്‍കും. തീര്‍ഥാടകരുടെ പ്രവാഹം കണക്കിലെടുത്താകും ക്ഷേത്രത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണമെന്നും പ്രധാനമന്ത്രി.
ഒപ്പം, കോടതി വിധി പ്രകാരം സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള നടപടികള്‍ തുടങ്ങിയെന്നും പ്രധാനമന്ത്രി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഭാരതത്തില്‍ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ ബുദ്ധിസ്റ്റ്, പാര്‍സ്, ജെയിന് എല്ലാവരും ഒരു കുടുംബമാണെന്നും പ്രധാനമന്ത്രി.
സബ്കാ സാത്ത് സബ്കാ വികാസ് എന്ന നയമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ വിധിയെ തുടര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ വളരെ വലിയ ജനാധിപത്യ ബോധമാണ് പ്രകടിപ്പിച്ചത്. ഇതില്‍ 130 കോടി ഇന്ത്യക്കാരേയും സല്യൂട്ട് ചെയ്യുന്നെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

