Thursday, October 1, 2026

കൊച്ചി കപ്പല്‍ശാലയിലെ മോഷണം; അന്വേഷണം ജീവനക്കാരിലേക്ക്

കൊച്ചി: കപ്പല്‍ശാലയിലെ മോഷണക്കേസ് അന്വേഷണം കപ്പല്‍ ശാല ജീവനക്കാരിലേക്കും നീളുന്നു. കപ്പല്‍ശാലയിലെ മുഴുവന്‍ ജീവനക്കാരുടേയും വിരലടയാളം ശേഖരിക്കുകയാണ് എന്‍ഐഎ. കപ്പല്‍ ശാലയിലെ ഓഫിസ് ജീവനക്കാരുടെ വിരലടയാളം സംഘം എടുത്ത് തുടങ്ങി.

മോഷ്ടാക്കള്‍ക്ക് ഓഫിസ് ജീവനക്കാരുടെ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാം എന്നാണ് എന്‍ഐഎ വിലയിരുത്തല്‍. മോഷണം നടന്ന വിവരം പൊലീസിലറിയിക്കാന്‍ വൈകിയതിന് കാരണവും ഇതാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷമാണ് കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോകുന്നത്. നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് മോഷണം പോയ ഹാര്‍ഡ് ഡിസ്‌കുകളില്‍ അതീവ രഹസ്യ സ്വഭാവമുള്ള രൂപരേഖകള്‍ ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

കപ്പലിന്റെ യന്ത്രസാമഗ്രി വിന്യാസമടക്കം രേഖപ്പെടുത്തിയ കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷണം പോയത്. എന്നാല്‍ ഇവയില്‍ സ്ഥാപിച്ചിട്ടുള്ളത് ഡമ്മി പ്രോഗ്രാമുകളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമില്ലെന്ന് നേവിയും അറിയിച്ചു.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കെയാണ് കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംമ്പ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയത്.

Related Articles

Latest Articles