നാഗ്‌പൂർ : സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ച് നിയന്ത്രണരേഖ കടന്ന യുവതിയെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. നാഗ്‌പൂർ സ്വദേശിനിയായ സുനിത നാൽപത്തി മൂന്നുകാരിയാണ് പാകിസ്ഥാന്റെ പിടിയിലായത് എന്നാണ് വിവരം. മകനെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചാണ് കാർഗിൽ വഴി ഇവർ പാകിസ്ഥാനിലേക്ക് കടന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഇന്ത്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സുനിത മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും ഇതിനു ചികിത്സയിലായിരുന്നെന്നുമാണ് സഹോദരൻ പറയുന്നത്.
നോർത്ത് നാഗ്‌പൂരിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിത, ഇതിനു മുൻപു രണ്ടു തവണ പാകിസ്ഥാനിലേക്ക് പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിർത്തിയിൽവച്ച് മടക്കി അയയ്ക്കുകയായിരുന്നു.
മേയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമമായ ഹന്ദര്‍മാനില്‍ ഉപേക്ഷിച്ച് സുനിത പോയത്. മടങ്ങിവരാമെന്നും ഇവിടെ തന്നെ കാത്തുനില്‍ക്കണമെന്നും മകനോട് പറഞ്ഞശേഷമാണ് സുനിത പോയത്. എന്നാൽ നിയന്ത്രണരേഖയ്ക്കരികിൽ കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികൾ ലഡാക്ക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
സുനിതയുടെ ഫോണും കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. ഇന്ത്യ–പാക് സംഘർഷം രൂക്ഷമായിരിക്കെ യുവതി നിയന്ത്രണരേഖ കടന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

