Wednesday, May 29, 2024
spot_img

മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ! നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ; കേസിൽ അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണമെന്ന് നിർദേശം

മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ പ്രമുഖ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.കേസിൽ അറസ്റ്റു ചെയ്താൽ അദ്ദേഹത്തെ ജാമ്യത്തിൽ വിടാൻ പോലീസിന് നിർദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്നാണ് സർക്കാർ കോടതിയില്‍ അറിയിച്ചത്. ചോദ്യം ചെയ്യലിനു പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയും മകളുടെ വിവാഹം നടക്കാനിരിക്കുന്ന സാഹചര്യത്തിലുമാണ് മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി കോടതിയെ സമീപിച്ചത്.

കരുവന്നൂർ വിഷയത്തിൽ സർക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിനു കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാദ്ധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

2023 ഒക്ടോബർ 27 ന് കോഴിക്കോട് വച്ച് മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാദ്ധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു . വേണമെങ്കിൽ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സിപിഎമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകയുടെ ചോദ്യം. ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ച് നോക്കെട്ടെ എന്ന് മറുപടി പറഞ്ഞു കൊണ്ട് സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈ വെച്ചതാണ് വിവാദമായത്.

സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി സമൂഹ മാദ്ധ്യമം വഴി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ മാദ്ധ്യമപ്രവർത്തക അദ്ദേഹത്തിനെതിരെ പരാതി നൽകുകയായിരുന്നു.

Related Articles

Latest Articles