Monday, April 29, 2024
spot_img

ആസാദി കാ അമൃത് മഹോത്സവ്; പാങ്ങോട് സൈനിക കേന്ദ്രത്തിൽ തിരംഗ യാത്രക്ക് വർണശബളമായ സ്വീകരണം; വീര മൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും അവാർഡ് ജേതാക്കളെയും ആദരിച്ച് ഗവർണർ

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി എത്തി. ധീരത, വീരത്വം, ത്യാഗം, ധൈര്യം എന്നിവയുടെ പാരമ്പര്യം അനുസരിച്ചാണ് ഇന്ത്യൻ സൈന്യം ജീവിക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവെ ഗവർണർ പറഞ്ഞു. മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനൊന്നിന് കന്യാകുമാരിയിൽ നിന്നും ആരംഭിച്ച് പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് എത്തിച്ചേർന്ന തിരംഗ യാത്രക്ക് ഗവർണ്ണർ സ്വീകരണം നൽകി.

പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ ആസാദി കാ അമൃത് മഹോത്സവ്, ഭാരതീയ കരസേനാ എന്നിവയുടെ ചിഹ്നങ്ങളുടെ മനുഷ്യ രൂപീകൃത ചിത്രം സൈനികർ, സ്കൂൾ കുട്ടികൾ, എൻസിസി കേഡറ്റുകൾ എന്നിവരുൾപ്പെടെ 1750 പേർ ചേർന്ന് 10 മിനിറ്റിനുള്ളിൽ സൃഷ്ടിച്ചു. ഈ രൂപീകരണത്തിന് ഏറ്റവും വലിയ മനുഷ്യ രൂപീകൃത ചിഹ്നം സൃഷ്ടിക്കുന്നതിനുള്ള യൂണിവേഴ്‌സൽ വേൾഡ് റെക്കോർഡ് ലഭിച്ചു.

ചടങ്ങിൽ, മദ്രാസ് റെജിമെന്റിലെ സൈനികർ അവതരിപ്പിച്ച കേരളത്തിലെ പരമ്പരാഗത ആയോധന കലാരൂപമായ കളരിപ്പയറ്റും മറാത്ത ലൈറ്റ് ഇൻഫൻട്രി അവതരിപ്പിച്ച മഹാരാഷ്ട്രയിലെ പ്രശസ്തമായ സാംസ്കാരിക സംഗീത നൃത്തരൂപമായ ഝഞ്ച് പഥക്കും ശ്രദ്ധേയമായി.

വീരമൃത്യു വരിച്ച ക്യാപ്റ്റൻ ഹരി രാജ് കുമാറിന്റെ മാതാവ്, പരേതനായ ലെഫ് കേണൽ സുബ്രമണ്യം ആനന്ദിന്റെ പത്നി, ഗാലന്ററി അവാർഡ് ജേതാക്കളായ ബ്രിഗേഡിയർ ലളിത് ശർമ്മ ലെഫ് കേണൽ ഋഷി, ലെഫ് കേണൽ ശിവേഷ് തിവാരി, വിരമിച്ച ഹോണററി ക്യാപ്റ്റൻ കൃഷ്ണ കുമാർ, ഹോണറേറി ക്യാപ്റ്റൻ ഭാസ്കരൻ എന്നിവരെ ബഹുമാനപ്പെട്ട ഗവർണ്ണർ ചടങ്ങിൽ ആദരിച്ചു.

Related Articles

Latest Articles