മേപ്പാടി: മുണ്ടക്കൈയെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വനത്തിനുള്ളിൽ ഒറ്റപ്പെട്ട വനവാസി കുടുംബത്തെ രക്ഷപ്പെടുത്തി വനംവകുപ്പ്. അട്ടമലയിൽ കാട്ടിൽ കുടുങ്ങിക്കിടന്ന നാല് കുട്ടികൾ അടക്കമുള്ള കുടുംബത്തെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അതിസാഹസികമായി രക്ഷിച്ചത്. കുട്ടികളുടെ അമ്മയെ വനത്തിൽ കണ്ടതോടെയാണ് കുടംബം വനത്തിൽ ഒറ്റപ്പെട്ട കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയുന്നത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മറ്റു കുട്ടികളെ വെള്ളച്ചാട്ടത്തിന് പരിസരത്ത് പാറപ്പൊത്തിൽ കണ്ടെത്തിയത്.
രാവിലെ പത്ത് മണിയോടുകൂടി ഏറാട്ടുകുണ്ട് കോളനിയിലേക്ക് പോകുകയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വനവാസി യുവതിയെയും ഒരു കുട്ടിയേയും ആദ്യമായി കണ്ടത്. ഭക്ഷണം കിട്ടാതെ അവശനിലയിലായിരുന്നു അവർ. ഉടൻ തന്നെ സംഘം അവരുടെ കയ്യിലുണ്ടായ ഭക്ഷണം കൊടുത്തു. അട്ടമല ഭാഗത്തെ എസ്‌റ്റേറ്റില്‍ താമസിപ്പിച്ചു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പെട്ടുപോയ കുട്ടികളെ തേടി സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്ക് പോയത്’.
ഉരുൾപൊട്ടലും കനത്ത മഴയും മൂലം വഴിയെല്ലാം അടഞ്ഞുകിടക്കുന്നത് മൂലം അതി സാഹസികമായാണ് കുട്ടികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെത്തിയത്
കൃഷ്ണനും ഭാര്യയും നാല് കുട്ടികളും കനത്ത മഴയിൽ പാറപ്പൊത്തിനുള്ളില്‍ അഭയം തേടിയതായിരുന്നു. ഉരുള്‍പൊട്ടലുണ്ടായി, പുഴ കരകവിഞ്ഞ് മണ്ണും കല്ലുകളും വെള്ളവും കുത്തിയൊലിച്ചുവന്നത് ഇവർ കഴിഞ്ഞിരുന്ന പാറപ്പൊത്തിനു സമീപത്തുകൂടിയായിരുന്നു. സംശയം തോന്നി മുകളിലോട്ട് കയറി 10 മീറ്റര്‍ മാറിനിന്നതുകൊണ്ട് ഇവർക്ക് ജീവൻ തിരിച്ചുകിട്ടി. ഇവര്‍ നേരത്തെ കഴിഞ്ഞിരുന്ന സ്ഥലത്തേക്ക് ഉരുള്‍പൊട്ടി പാറയും മണ്ണും വെള്ളവുമെല്ലാം ഒലിച്ചുവന്നു. ഒറ്റപ്പെട്ടുപോയ ഇവർക്ക് പിന്നീട് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മൂന്നു ദിവസം ഭക്ഷണം കഴിച്ചിരുന്നില്ല.

