കോഴിക്കോട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വയനാട്ടിലേക്ക്. മുണ്ടക്കൈയിൽ ഉണ്ടായത് വൻ ദുരന്തമാണെന്നും സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്ന് മാത്രമല്ല രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുകയാണ്. 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെയാണ് ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലെത്തുക.
അതേസമയം, ഉരുൾപൊട്ടലുണ്ടായ ഇടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 156 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെ രക്ഷാദൗത്യം പുനരാരംഭിച്ചിരുന്നു. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം നടത്തുന്നത്.

