Sunday, September 20, 2026

ഇന്ത്യൻ രാഷ്ട്രീയത്തെയും ജനജീവിതത്തെയും ലോകത്തിന് മുന്നിൽ വരച്ചുകാട്ടിയ ഇതിഹാസം ! മുതിർന്ന ബിബിസി പത്രപ്രവർത്തകൻ സർ മാർക്ക് ടള്ളി അന്തരിച്ചു

ഇന്ത്യൻ സ്പന്ദനങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ ഇതിഹാസ പത്രപ്രവർത്തകൻ സർ മാർക്ക് ടള്ളി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടോളം ബിബിസിയുടെ ഇന്ത്യ ബ്യൂറോ ചീഫായിരുന്ന അദ്ദേഹം, ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളെല്ലാം ലോകത്തെ അറിയിച്ച വിശ്വസ്തമായ ശബ്ദമായിരുന്നു.

1935-ൽ കൊൽക്കത്തയിൽ ജനിച്ച മാർക്ക് ടള്ളി, ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും ആഴത്തിൽ സ്നേഹിച്ച വ്യക്തിയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് പോയെങ്കിലും അറുപതുകളുടെ തുടക്കത്തിൽ ബിബിസി പ്രതിനിധിയായി വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തി. ആകാശവാണിയും റേഡിയോ സിലോണും തരംഗമായിരുന്ന കാലത്ത് ബിബിസിയുടെ സ്വീകാര്യത ഇന്ത്യയിൽ ഉറപ്പിച്ചത് ടള്ളിയുടെ റിപ്പോർട്ടിംഗുകളായിരുന്നു. ഇന്ത്യ-പാക് യുദ്ധങ്ങൾ, ബംഗ്ലാദേശ് വിമോചന സമരം, അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങിയ നിർണ്ണായക സംഭവങ്ങളെല്ലാം അദ്ദേഹം തത്സമയം റിപ്പോർട്ട് ചെയ്തു.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഭരണകൂടത്തിൽ നിന്ന് വലിയ സമ്മർദ്ദങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. ഒരിക്കൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ച് അദ്ദേഹത്തെ ജയിലിലടയ്ക്കാൻ പോലും നീക്കങ്ങൾ നടന്നു. എന്നാൽ സത്യസന്ധമായ പത്രപ്രവർത്തനത്തിലൂടെ അദ്ദേഹം ആ വെല്ലുവിളികളെ അതിജീവിച്ചു. വിരമിച്ച ശേഷം ‘ടള്ളി സാഹിബ്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം മരണം വരെ ഡൽഹിയിലാണ് താമസിച്ചിരുന്നത്.

റേഡിയോ വാർത്തകൾക്കായി നിശ്ചയിച്ചിരുന്ന മുന്നൂറ് വാക്കുകളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഒരു കഥ പറയുന്നതിലെ കല അദ്ദേഹം സ്വായത്തമാക്കിയിരുന്നു. പത്രപ്രവർത്തനത്തിന് പുറമെ ഡോക്യുമെന്ററികളിലൂടെയും ‘നോ ഫുൾ സ്റ്റോപ്‌സ് ഇൻ ഇന്ത്യ’ പോലുള്ള വിഖ്യാത പുസ്തകങ്ങളിലൂടെയും അദ്ദേഹം ഇന്ത്യൻ ജീവിതങ്ങളെ അടയാളപ്പെടുത്തി. പത്മഭൂഷൺ, നൈറ്റ്ഹുഡ് പദവികൾ നൽകി ഇന്ത്യയും ബ്രിട്ടനും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മാർക്ക് ടള്ളിയുടെ വിയോഗത്തോടെ പത്രപ്രവർത്തന രംഗത്തെ ഒരു സുവർണ്ണ അധ്യായത്തിനാണ് അന്ത്യമാകുന്നത്.

Related Articles

Latest Articles