Thursday, September 24, 2026

സ്വകാര്യ ബസുകൾക്ക് ജീവശ്വാസം! പ്രിയദർശിനി ഷെഡ്യൂളുകൾ കെഎസ്ആർടിസി പുനഃക്രമീകരിക്കുന്നു

തിരുവനന്തപുരം : ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് കനത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ കൈപിടിച്ചുയർത്താൻ കെ.എസ്.ആർ.ടി.സി നിർണായക നീക്കം നടത്തുന്നു. സ്വകാര്യ ബസുകളുമായി മത്സരിച്ച് സർവീസ് നടത്തിയിരുന്ന പ്രധാന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ യാത്രാ സമയത്തിൽ മാറ്റം വരുത്താനാണ് തീരുമാനം. സ്വകാര്യ സർവീസുകൾക്കും ആവശ്യത്തിന് യാത്രക്കാരെ ലഭിക്കുന്ന തരത്തിൽ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ സമയവ്യത്യാസം വരുത്തി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന മൂവായിരത്തിലധികം ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ ഏകദേശം നാൽപ്പത് ശതമാനത്തോളം ഷെഡ്യൂളുകൾ സ്വകാര്യ ബസുകളുടെ കളക്ഷനെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ളതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. വരുമാനം വർധിപ്പിക്കുന്നതിനായി സ്വകാര്യ ബസുകളുമായി കടുത്ത മത്സരം നടത്തിയും, റൂട്ട് കോൺഫറൻസുകളിൽ തർക്കിച്ചും സ്വന്തമാക്കിയ സമയങ്ങളിലാണ് ഇപ്പോൾ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. സ്വകാര്യ ബസുകൾക്ക് തൊട്ടുമുന്നിലായി കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുന്ന പ്രവണതയും ഇതോടെ ഇല്ലാതാകും.

ചില റൂട്ടുകളിൽ ആവശ്യത്തിലധികം പ്രിയദർശിനി ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നതായും, എന്നാൽ മറ്റ് ചില പാതകളിൽ ഇത്തരം സൗകര്യങ്ങൾ പരിമിതമാണെന്നുമുള്ള പരാതികളും ഉയർന്നിട്ടുണ്ട്. പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിനു ശേഷം സ്വകാര്യ ബസുകളുടെ പ്രതിദിന വരുമാനത്തിൽ വലിയ ഇടിവുണ്ടായതായി മന്ത്രി സി.പി ജോൺ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നികുതിയിൽ പകുതിയോളം ഇളവ് നൽകിയിട്ടും ഈ വലിയ നഷ്ടം താങ്ങാൻ സ്വകാര്യ ബസ് ഉടമകൾക്ക് സാധിക്കുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ എണ്ണം ഇരുപത്തിനാലായിരത്തിൽ നിന്ന് എണ്ണായിരത്തിൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്.

പൊതുഗതാഗതം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസുകൾ പൂർണ്ണമായി നിരത്തുവിഴിയുന്ന സാഹചര്യം ഉണ്ടായാൽ അത് സർക്കാരിന്റെ നയങ്ങൾക്ക് തന്നെ തിരിച്ചടിയാകും. ഈ പശ്ചാത്തലത്തിലാണ് യാത്രാ സമയത്തിൽ വിട്ടുവീഴ്ച ചെയ്ത് സ്വകാര്യ മേഖലയെ കൂടെ സംരക്ഷിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത്. അതേസമയം, പ്രിയദർശിനി പദ്ധതി വഴി സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ മുപ്പത് ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയത് കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. പദ്ധതിയുടെ സമഗ്രമായ അവലോകനത്തിന് ശേഷമാകും പുതിയ സമയക്രമം നിലവിൽ വരിക.

Related Articles

Latest Articles