അയോദ്ധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠയ്‌ക്കായി ഒരുങ്ങുകയാണ്. ജനുവരി 22 ന് നടക്കുന്ന ചടങ്ങിലേയ്‌ക്ക് 7000 ത്തിലേറെ വി ഐ പികൾക്കാണ് ക്ഷണം ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതിനിടയിൽ ഇപ്പോഴിതാ മുംബൈയിൽ നിന്ന് കാൽനടയായി അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേയ്‌ക്ക് പോകുന്ന മുസ്ലീം പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഷബ്നം ഷെയ്ഖ് എന്ന പെൺകുട്ടിയുടേതാണ് വീഡിയോ. കാവിക്കൊടിയുമേന്തി ലഗേജുമായി തനിച്ച് മുംബൈയിൽ നിന്നും അയോദ്ധ്യയിലേയ്‌ക്ക് നടക്കുകയാണ് ഈ പെൺകുട്ടി. യാത്രയ്‌ക്കിടെ ആരോ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത്. അതേസമയം, വിവരങ്ങൾ അന്വേഷിക്കുന്നവരോട് പെൺകുട്ടി മറുപടി നൽകുന്നതും ജയ്ശ്രീറാം മുഴക്കിയാണ് എന്നത് എടുത്തുപറയേണ്ടതാണ്. ഗ്രീൻ ഇന്ത്യ, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രചരിപ്പിക്കുക, ഒപ്പം മതേതര മൂല്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് തന്റെ ലക്ഷ്യമെന്നും ഷബ്നം ഷെയ്ഖ് പറയുന്നു. കൂടാതെ, താൻ ഒരു ഭാരതീയ സനാതന മുസ്ലീമാണ്. അതുകൊണ്ട് തന്നെയാണ് അയോദ്ധ്യ തന്റെ ലക്ഷ്യമായി മാറിയതെന്നും പെൺകുട്ടി വിഡിയോയിൽ പറയുന്നുണ്ട്.
സനാതന ധർമം എന്നാൽ ശാശ്വതമായ അല്ലെങ്കിൽ സമ്പൂർണ്ണമായ കർത്തവ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. എല്ലാ ഹിന്ദുക്കൾക്കും ഒരുപോലെ ബാധകമായ ആചാരങ്ങൾ എന്നാണ് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ ഇതിനെ വിശദീകരിക്കുന്നത്. സനാതന എന്നതിന്റെ അർത്ഥം ശാശ്വതമായത് എന്നും ധർമം എന്നാൽ, കടമ അല്ലെങ്കിൽ മതപരമായ ഉത്തരവാദിത്വം എന്നുമാണ് അർത്ഥമാക്കുന്നത്. ഷബ്നം ഷെയ്ഖ് എന്ന മുസ്ലിം പെൺകുട്ടി വിഡിയോയിൽ താൻ ഒരു സനാതന മുസ്ലിം ആണെന്നാണ് പറയുന്നത്. അതേസമയം, അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 22ന് ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുന്നത്. ജനുവരി 24ന് ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു 2020 ഓഗസ്‌റ്റ് അഞ്ചിന് ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചത്. 2019ൽ അയോദ്ധ്യയിലെ തർക്കവിഷയമായ രാമജന്മഭൂമിയിൽ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാമെന്നും, പകരം സുന്നി വഖഫ് ബോർഡിന് പുതിയൊരു പള്ളി പണിയാൻ അഞ്ചേക്കർ സ്ഥലം നൽകണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.

