കാച്ചി: സംസ്ഥാനത്ത് പോത്ത് പാർക്ക് ഉടൻ വരുന്നു. എറണാകുളം നേര്യമംഗലത്തെ ജില്ലാ കാർഷിക ഫാമിലാണ് പോത്ത് പാർക്ക് വരുന്നത്. പൊതുജനങ്ങൾക്ക് പാർക്ക് സന്ദർശിക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കുമെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം ജില്ലാ പഞ്ചായത്താണ് ഇങ്ങനെയൊരു പദ്ധതി വിഭാവനം ചെയ്തത്. പാർക്കിൽ നൂറ് പോത്തുകളെ വളർത്താനാണ് അധികൃതരുടെ തീരുമാനം. അതേസമയം പാർക്കിലേക്കായി തമിഴ്‌നാട്ടിൽ നിന്ന് മുറാ ഇനത്തിലുള്ള പോത്തുകുട്ടികളേയും എരുമകളേയും വാങ്ങുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേരളത്തിൽ ലഭ്യമല്ലാത്ത ഇനമാണ് മുറാ.ഒരു വയസ് പ്രായമുള്ള 50 പോത്തുകുട്ടികളേയാണ് പാർക്കിലേക്കായി വാങ്ങുന്നത്. പോത്തുകുട്ടികളെ തമിഴ്‌നാട്ടിലെ മാർക്കറ്റിൽ നിന്ന് വാങ്ങുന്നത് കർഷകരും മൃഗഡോക്ടർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പർച്ചേഴ്‌സ് കമ്മിറ്റിയാണ്.
എന്നാൽ ഇങ്ങനെ വാങ്ങുന്ന പോത്തുകളെ രണ്ട് മുതൽ മൂന്ന് വയസുവരെ വളർത്തി ഇറച്ചി ആവശ്യത്തിനായി മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ പോലുള്ളവയ്‌ക്ക് വിൽക്കുകയോ പൊതു ലേലത്തിൽ വെയ്‌ക്കുകയോ ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃഷിക്ക് അനുയോജ്യമല്ലാത്ത രണ്ടേക്കർ ചതുപ്പുനിലത്തിലാണ് ഫാം ആരംഭിക്കുന്നത്. കൂടാതെ പോത്തുകൾക്ക് വളരാനുള്ള സ്വാഭാവിക ആവാസ വ്യവസ്ഥയാണ് ചതുപ്പ്പ്രദേശം പ്രദേശം. നല്ല പോത്തുകുട്ടികളെ തേടി പൊള്ളാച്ചിയിലെത്തി ചന്ത സന്ദർശിച്ച് വിതരണ രീതികളെ കുറിച്ച് പഠിച്ചുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കേരളത്തിലെ വിപണികളെ അപേക്ഷിച്ച് ആരോഗ്യമുള്ള പോത്തുകുട്ടികൾ തമിഴ്‌നാട്ടിൽ ഉണ്ടെന്നും ലേലത്തിനായി ചന്തകളിൽ നിരവധി പോത്തുകൾ ഉള്ളതിനാൽ നല്ലവയെ നോക്കി വാങ്ങാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

