Monday, May 6, 2024
spot_img

വനപാലകർക്ക് പിടികൊടുക്കാതെ തുമ്പിക്കൈയില്ലാത്ത അപൂർവ കുട്ടിയാന; ആനക്കൂട്ടത്തോടൊപ്പം നിൽക്കുന്നതിനാൽ ആനകുട്ടിയെ പിടികൂടുക എളുപ്പമല്ലെന്ന് ഡോ. അശോകൻ; പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനൊരുങ്ങി ഉദ്യോഗസ്ഥർ

തൃശ്ശൂർ: ചാലക്കുടിയിൽ വനപാലകർക്ക് പിടികൊടുക്കാതെ തുമ്പിക്കൈയില്ലാത്ത കുട്ടിയാന. വായയുടെ താഴ്ഭാഗം മുതൽ തുമ്പിക്കൈയില്ലാത്ത അപൂർവ കുട്ടിയാനയെ വിനോദ സഞ്ചാരികളും പ്ലാന്റേഷൻ തൊഴിലാളികളും പലതവണ കണ്ടിരുന്നു. പക്ഷേ വനപാലകർക്ക് കാണാനായത് ഒരുവട്ടം മാത്രമാണ്.

മാസങ്ങളായി ഏഴാറ്റുമുഖം വനമേഖലയിൽ നൊമ്പരക്കാഴ്ചയാകുന്ന അപൂർവ ആനക്കുട്ടിയെ നിരീക്ഷിക്കാനുള്ള ദൗത്യവുമായി എത്തിയ മുതിർന്ന ഉദ്യോഗസ്ഥരടക്കം മടങ്ങിയത് നിരാശയോടെയാണ്. കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിലെ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. കെ.ജി. അശോകൻ ഏഴാറ്റുമുഖത്ത് എത്തിയത്. അദ്ദേഹത്തിന്റെ രണ്ടാം വരവായിരുന്നു ഇത്. വാച്ചർമാരുടെ സഹായത്തോടെ ഏറെനേരം പ്ലാന്റേഷൻ കാടുകളിലും ചെക്ക് പോസ്റ്റ് പരിസരത്തും പുലിപ്പാലത്തിനടുത്തും ഏറെനേരം നിരീക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല. സാധാരണ അമ്മയോടൊപ്പം പ്രത്യക്ഷപ്പെടാറുള്ള കുട്ടിയാനയെ ഇന്നലെ മാത്രം കാണാനായില്ല.

അതേസമയം, പലപ്പോഴും ആനക്കൂട്ടത്തോടൊപ്പം അമ്മയും കുഞ്ഞും നിൽക്കുന്നതിനാൽ ആനകുട്ടിയെ പിടികൂടുക എളുപ്പമല്ലെന്ന് ഡോ. അശോകൻ വ്യക്തമാക്കി. ഇതേതുടർന്ന് അമ്മയും കുട്ടിയും മാത്രമുള്ള സമയത്ത് ഇതിനെ നിരീക്ഷിക്കാനാണ് ഉദ്യോഗസ്ഥർ ഇപ്പോൾ ആലോചിക്കുന്നത്. എന്തായാലും വീണ്ടും ഇതിനെ കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമം തുടരും. ഇതിനായി ക്യാമറ സ്ഥാപിക്കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം.

Related Articles

Latest Articles