Saturday, April 27, 2024
spot_img

48,999 രൂപയുടെ ഐഫോൺ ഓർഡർ ഓൺലൈനിലൂടെ ചെയ്ത വിദ്യാർത്ഥിക്ക് ലഭിച്ചത് സോപ്പ് കട്ടയും കീപാഡ് ഫോണും!! ഇന്നാപിടി 73,999 രൂപ പിഴ

ഫ്ലിപ്കാർട്ട് വഴി ഐഫോൺ 11 ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് ലഭിച്ചത് സോപ്പ് കട്ട. സംഭവത്തിൽ പകച്ചു പോയെങ്കിലും കോടതിയെ സമീപിച്ചതിനാൽ ഹർഷ എന്ന വിദ്യാർത്ഥിക്ക് ഫോണിന്റെ വിലയ്ക്ക് പുറമെ നഷ്ട പരിഹാരം കൂടി നല്കാൻ കോടതി വിധിച്ചിരിക്കുകയാണ്
.
ഫ്ലിപ്കാർട്ടിൽ 48,999 രൂപ നൽകിയാണ് ഹർഷ ഐഫോൺ 11 ബുക്ക് ചെയ്തത്. എന്നാൽ, ഐഫോൺ 11 പ്രതീക്ഷിച്ചിരുന്ന ഹർഷന് ലഭിച്ചത് 140 ഗ്രാം നിർമ്മ ഡിറ്റർജന്റ് സോപ്പിനൊപ്പം കോം‌പാക്റ്റ് കീപാഡ് ഫോണുമാണ്. തുടർന്ന് ഹർഷ കമ്പനി പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോൾ പ്രശ്നം ഉടന്‍ പരിഹരിക്കാമെന്നും തുക ഉടൻ തന്നെ തിരികെ നൽകുമെന്നും ഉറപ്പ് നൽകി.

എന്നാൽ, പിന്നീട് ഫ്ലിപ്കാർട്ട് ഈ പ്രശ്നം ഏറ്റെടുക്കാൻ വിമുഖത പ്രകടിപ്പിച്ചു. ഇതോടെയാണ് കഴിഞ്ഞ വർഷം ജൂലൈയിൽ ഫ്ലിപ്കാർട്ടിന്റെ മാനേജിങ് ഡയറക്ടർക്കും തേർഡ് പാർട്ടി വിൽപനക്കാരനായ സാനെ റീട്ടെയിൽസ് മാനേജർക്കുമെതിരെ ഹർഷ കേസ് ഫയൽ ചെയ്തത്.

ഉപഭോക്താക്കളെയും വിൽപനക്കാരെയും ബന്ധപ്പെടുത്തി ഉൽപന്നങ്ങൾ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം മാത്രമാണ് തങ്ങളെന്നും ഇത് ഫ്ലിപ്കാർട്ടിന്റെ തെറ്റല്ലെന്നും അവർ കോടതിയിൽ വാദിച്ചു. ഒരു ലാഭവും ലക്ഷ്യമിടാതെ ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായ സേവനം നൽകാൻ ഇത് ചാരിറ്റബിൾ ഓർഗനൈസേഷൻ ഒന്നുമല്ലല്ലോ എന്നും ഇ-കൊമേഴ്‌സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി വരുമാനമില്ലാത്ത ബിസിനസ് അല്ലല്ലോ നടത്തുന്നത് എന്നും ചോദിച്ച് ഫ്ലിപ്കാർട്ടിന്റെ വാദങ്ങൾ കോടതി തള്ളി.

ഓൺലൈൻ ബിസിനസ് കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിൽ നിന്ന് ഇത്തരമൊരു സമീപനം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഐഫോൺ 11ന് ഈടാക്കിയ 48,999 രൂപ തിരികെ നൽകാനും കമ്പനിയുടെ സേവനത്തിലെ പോരായ്മയും അന്യായ വ്യാപാര രീതികളും കാരണം 10,000 രൂപ അധിക പിഴയും സംഭവത്തെ തുടർന്ന് പരാതിക്കാരന് നേരിടേണ്ടി വന്ന മാനസിക പീഡനത്തിനും കോടതി ചെലവുകൾക്കുമായി 15,000 രൂപയും പരാതിക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു. ആകെ 73,999 രൂപയാണ് പരാതിക്കാരന് ഫ്ലിപ്കാർട് നൽകേണ്ടി വരിക.

Related Articles

Latest Articles