Monday, October 5, 2026

കണ്ണമൂല ആമയിഴഞ്ചാൻ തോട്ടിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി ; രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നു കുത്തിവച്ച ശേഷം തോട്ടിലേക്കു ചാടി ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം : കണ്ണമൂല ആമയിഴഞ്ചാൻ തോട്ടിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ ആശുപത്രിയിലെ അനസ്‍തേഷ്യ വിഭാഗം ഡോക്ടർ വിപിനാണ് (50) മരിച്ചത്. ഡോക്ടറുടെ കാർ റോഡിന് സമീപത്തുനിന്നും കണ്ടെത്തി. ഇന്ന് വൈകിട്ടു മൂന്നുമണിയോടെയാണു സംഭവം. കാറിൽനിന്നു സിറിഞ്ചും മരുന്നുകുപ്പികളും കണ്ടെത്തി. ഓപ്പറേഷന് മുൻപു രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നു കുത്തിവച്ച ശേഷം തോട്ടിലേക്കു ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ഒന്നര മണിയോടെ വിപിന്റെ വാഹനം ആമയിഴഞ്ചാൻ തോടിനു സമീപം നിർത്തിയിട്ടിരിക്കുന്നതു പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാറിന്റെ ഒരുവശത്തെ ഡോർ തുറന്ന നിലയിലായിരുന്നു. ഇതോടെ അസ്വഭാവികത തോന്നിയ പ്രദേശവാസികളിൽ ചിലർ നടത്തിയ പരിശോധനയിലാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

പോലീസും അഗ്നിരക്ഷാസേനയും എത്തിയാണു മൃതദേഹം പുറത്തെടുത്തത്. മകൻ സ്ഥലത്തെത്തി മൃതദേഹം വിപിന്റെതാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles