Tuesday, May 14, 2024
spot_img

സൂര്യഭഗവാൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രം; മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും ജലം അഭിഷേകമായി ഒഴുകിയിറങ്ങിയെത്തുന്ന ശിവലിംഗം; അത്ഭുതങ്ങൾ നിറഞ്ഞ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ…

വിശ്വാസം കൊണ്ടും അത്ഭുതങ്ങൾ കൊണ്ടും വേറിട്ട് നിൽക്കുന്ന ഒരു അപൂർവ ക്ഷേത്രം. സൂര്യഭഗവാൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രം, മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും ജലം അഭിഷേകമായി ഒഴുകിയിറങ്ങിയെത്തുന്ന ശിവലിംഗം. എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളാണ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന വസിഷ്ഠേശ്വരർ ക്ഷേത്രം. ശാസ്ത്രത്തിനു പോലും വിശദീകരിക്കുവാൻ പറ്റാത്ത പല കാര്യങ്ങളുമാണ് ഇവിടെ ഓരോ ദിവസവും അരങ്ങേറുന്നത്. കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്.

തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർഥം. പുരാണത്തിലെ പ്രളയ കാലത്ത് ലോകം മുഴുവൻ മുങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി ശിവനോട് പ്രാർഥിച്ചുവത്രെ. സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവർ ഒരു മൺകൂനയും അതിലുയർന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി. ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തിൽ മുങ്ങിപ്പോകാതിരുന്നത്. തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവർ ശിവന് പൂജകളർപ്പിച്ചു. സംപ്രീതനായ ശിവൻ അവിടെ പ്രത്യക്ഷപ്പെട്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാത്ത ഏക ക്ഷേത്രം ഇതായിരിക്കും എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

സാധാരണ കാണുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിൻറെ തറ മുതൽ മേൽക്കൂര വരെ പൂർണ്ണമായും കല്ലുകൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു സമീപത്തുള്ള ക്ഷേത്രക്കുളം ചക്രതീർഥം എന്നാണ് അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്റെ കയ്യിലെ സുദർശന ചക്രം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രക്കുളം എന്നാണ് വിശ്വാസം.

ഈ ക്ഷേത്രത്തിലെ വിശ്വാസം അനുസരിച്ച് ആവണി മാസത്തിൽ മൂന്ന് ദിവസം സൂര്യഭഗവാൻ ഇവിടെ എത്തുമത്രെ. ആവണി മാസത്തിൽ 15,16,17 തിയ്യതികളിലാണ് സൂര്യൻ തന്റെ രശ്മികളയച്ച് ശിവന്റെ സ്വയംഭൂ ലിംഗത്തിന് പൂജകൾ അർപ്പിക്കുന്നത്. ഉത്തരായനത്തിലെ പാൻങ്കുനി മാസത്തിലും ഉദയസൂര്യൻ ഇവിടെ നേരിട്ടെത്തുമെന്നാണ് വിശ്വാസം.

ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഓരോ 24 മിനിറ്റിലും ഓരോ തുള്ളി ജലം വീതം ജലാഭിഷേകം നടക്കുന്ന ശിവലിംഗം. മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിറ്റ് നേരം കൂടുമ്പോൾ കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിലേക്ക് എത്തുകയാണത്രെ. ഇവിടുത്തെ ശിവലിംഗത്തിനു മേലെയുള്ള ക്ഷേത്ര വിമാനയിൽ ഒരു തുള മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത് ഇന്നും പിടികിട്ടാത്ത
രഹസ്യമാണ്.

Related Articles

Latest Articles