പാറ്റ്ന : ബീഹാറിലെ മുസഫർപൂരിൽ ബന്ധു വീട്ടിലെത്തിയ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ട ഇരുപതുകാരൻ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കണ്ണില്ലാ ക്രൂരത അരങ്ങേറിയത്. ലാല് ബാബു(20) എന്ന യുവാവാണ് സംഭവത്തിൽ അറസ്റ്റിലായത്.
മാതാപിതാക്കളോടൊപ്പം ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരിയാണ് അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബന്ധുവീട്ടിലെത്തിയ കുട്ടിയെ സമീപവാസിയായ പ്രതി വെള്ളിയാഴ്ച വൈകുന്നേരം കുട്ടിയുടെ അമ്മയോട് അനുവാദം ചോദിച്ച ശേഷം കളിക്കാനായി പുറത്തേക്ക് കൊണ്ടുപോയിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇയാൾ കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. പിന്നീട് രാത്രി പത്തുമണിയോടെ ആരും കാണാതെ വീട്ടിൽ തിരികെയെത്തിയ ഇയാള് വീണ്ടും കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ഇരുട്ടിന്റെ മറവിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച പ്രതി പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം മൃതദേഹം കൃഷിയിടത്തില് കുഴിച്ചിടുകയും ചെയ്തു.
കുട്ടി വീട്ടിൽ നിന്ന് അപ്രത്യക്ഷയായത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ ലാല്ബാബുവിനെ ഫോണില് വിളിച്ചെങ്കിലും ഇയാള് ഫോൺ എടുത്തില്ല. ഇതോടെ ബന്ധുക്കള് പോലീസിനെ വിവരമറിയിക്കുകയും പോലീസ് ലാല് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് വെള്ളിയാഴ്ച അര്ധരാത്രിയോടെ ബന്ധുവീട്ടില്നിന്ന് 200 മീറ്റര് അകലെയുളള കൃഷിയിടത്തില്നിന്ന് കുഴിച്ചിട്ട നിലയിലാണ് പെണ്കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

