മലമ്പുഴ: പാലക്കാട് മലമ്പുഴ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടർന്ന് കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫ് സംഘവും. മലമ്പുഴ ചെറാട് സ്വദേശി 23 കാരനായ ആര്‍.ബാബു ആണ് കുടുങ്ങിയത്.
എന്നാൽ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനു ശേഷം തൽക്കാലം മടങ്ങി. ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നാണ് പുറത്തുവരുന്ന വിവരം.
നിലവില്‍ ബാബുവിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളായി ബാബു മലയിടുക്കില്‍ കഴിയുകയാണ്. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫ് സംഘവുമാണ് രക്ഷാദൗത്യത്തില്‍ ഉള്ളത്. കോഴിക്കോട്ടു നിന്നും പര്‍വ്വതാരോഹക സംഘം ഉടന്‍ മലമ്പുഴയില്‍ എത്തും. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു.
അതേസമയം ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.പിന്നീട് സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല.പിന്നീട് രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാനാകൂ എന്നതിനാൽ സംഘം അവിടെ ക്യാംപ് ചെയ്തു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്.
മാത്രമല്ല കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പോലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്.
പാലക്കാട് ചെറാട് നിന്ന് ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.

