ദില്ലി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് ആപ്പ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. പ്രതിഷേധ സൂചകമായി ബിജെപി ഓഫിസിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പോലീസും പ്രവർത്തകരും തമ്മിൽ ഏറെനേരം സംഘർഷം നടന്നു. എഎപി പ്രവർത്തകർ െപാലീസുകാരെ മർദിച്ചു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. എഎപി ഓഫിസിൽ കയറിയ പൊലീസിനെ പ്രവർത്തകർ തള്ളി പുറത്താക്കി. െപാലീസിനുനേരെ പ്രവർത്തകർ കല്ലും വടിയും എറിഞ്ഞു. പാർട്ടി ഓഫിസിൽ കയറിയാൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് നേതാക്കൾ ഭീഷണിമുഴക്കി. സംഘർഷം കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തും ഡൽഹിയിലെ പല ഭാഗങ്ങളിലും കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
സിസോദിയയുടെ അറസ്റ്റിനെതിരെ എഎപി പ്രവർത്തകർ ഡൽഹിക്കു പുറമേ, ബെംഗളൂരു, ചണ്ഡീഗഡ്, ഭോപ്പാൽ തുടങ്ങി നിരവധി നഗരങ്ങളിലും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് എഎപി ഇന്ന് കറുത്ത ദിനം ആചരിക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് പറഞ്ഞിരുന്നു. ദില്ലി സർക്കാരിന്റെ മദ്യനയത്തെ ചില സ്വകാര്യ മദ്യ മാഫിയകൾ പണം കൊടുത്തു സ്വാധീനിച്ചു എന്നതാണ് കേസ്. 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ ഇതുമായി ബന്ധപ്പെട്ട് നടന്നതിന്റെ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞതായി സി ബി ഐ അറിയിച്ചിരുന്നു. സിസോദിയയുടെ അറസ്റ്റോടെ ആം ആദ്‌മി പാർട്ടിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകർന്നു. മറ്റൊരു ദില്ലി മന്ത്രി സത്യേന്ദ്ര ജയിനും കള്ളപ്പണ കേസിൽ ജയിലിലാണ്. സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന

