Monday, September 21, 2026

വാഹനാപകടം; ചേ‍ർത്തലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴേയ്ക്ക മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാലത്തിന്റെ കല്‍ക്കെട്ടില്‍ നിന്ന് താഴേയ്ക്ക മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വൈക്കം തലയോലപ്പറമ്പ് മിഠായികുന്ന് താമരശ്ശേരില്‍ പരേതനായ കുഞ്ഞപ്പന്റെ മകന്‍ ടി.കെ. ഷാജിയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഷാജിയുടെ ഭാര്യ, തിരുനല്ലൂര്‍ പുറത്തേവെളിയില്‍ രജനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ഞായറാഴ്ച ആയിരുന്നു അപകടം നടന്നത്. തിരുനല്ലൂരിലെ രജനിയുടെ വീട്ടില്‍ നിന്ന് ഇവര്‍ തലയോലപ്പറമ്പിലേക്ക് പോകുകയായിരുന്നു. പോകുന്നവഴിയിലെ പഴംകുളം പാലത്തിന്റെ കല്‍ക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകള്‍ തകര്‍ത്താണ് ഓട്ടോ താഴേയ്ക്ക് മറിഞ്ഞത്.

ഏതാണ്ട് 16 അടിയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്കാണ് ഓട്ടോ വീണത്. പരിസരവാസികള്‍ ഷാജിയെ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ പിന്നീട് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷാജിയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. സംസ്‌ക്കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പില്‍.

Related Articles

Latest Articles