Sunday, May 5, 2024
spot_img

കോയമ്പത്തൂരില്‍ അപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരിന് സമീപം ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കോയമ്പത്തൂര്‍ പോത്തനൂര്‍ മെയിന്‍ റോഡിലാണ് അപകടമുണ്ടായത്.

പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച കാറും – സേലം ഭാഗത്ത് നിന്നും വന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നല്ലേപ്പിള്ളി വാരിയത്ത്കാട് ഗംഗാധരന്റെ മകന്‍ രമേശ്, രമേശിന്റെ പന്ത്രണ്ട് വയസുള്ള മകന്‍ ആദിഷ്, ഇവരുടെ ബന്ധു മീര, മീരയുടെ 7 വയസുള്ള മകന്‍ ഋഷികേഷ് എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ആതിര, നിരഞ്ജന, വിപിന്‍ദാസ് എന്നിവരും ബന്ധുക്കളാണ്. നല്ലേപിള്ളി സ്വദേശിയായ ഡ്രൈവര്‍ രാജനും പരിക്കേറ്റു. ഇവര്‍ സുന്ദരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ വിപിന്‍ദാസ് സിംഗപ്പൂരില്‍ എന്‍ജീനീയറാണ്.

മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സിംഗപ്പൂരിലേക്ക് പോകുന്ന വിപിന്‍ദാസിനെയും കുടുംബത്തേയും യാത്ര അയക്കാന്‍ സഹോദരന്‍ രമേഷ് മക്കളുമായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം പാലക്കാട് നല്ലേപ്പിള്ളിയിലെ വീട്ടിലെത്തിക്കും.

Related Articles

Latest Articles