Friday, May 17, 2024
spot_img

ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ സംഭവം ; 32 പേർ മരിച്ചു ; 20 പേര്‍ക്ക് പരിക്കേറ്റു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു ; ദുരന്തനിവാരണ കേന്ദ്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഉത്തരാഖണ്ഡ് : കോട്ദ്വാര്‍ ജില്ലയില്‍ ബസ് 500 മീറ്റര്‍ താഴ്ച്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൗരി ജില്ലയിലെ ധുമകോട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സിംഡി ഗ്രാമത്തിന് സമീപമായിരുന്നു സംഭവം.

അപകട സമയം 55 പേരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കിടെ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഹരിദ്വാര്‍ ജില്ലയിലെ ലാല്‍ദാംഗില്‍ നിന്ന് പൗരിയിലെ ബിര്‍ഖല്‍ ബ്ലോക്കിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ഒരു വിവാഹ ഘോഷയാത്രയില്‍ പങ്കെടുത്തവരാണ് ബസില്‍ ഉണ്ടായിരുന്നത്.

സംഭവം അറിഞ്ഞയുടന്‍ ധുംകോട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.

‘ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലുണ്ടായ ബസ് അപകടം ഹൃദയഭേദകമാണ്. ഈ സംഭവത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വലിയ നഷ്ടം താങ്ങാനുള്ള ശക്തി ദൈവം അവര്‍ക്ക് നല്‍കട്ടെ. ഈ അപകടത്തില്‍ പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles