Tuesday, October 27, 2026

9 വയസുകാരി കോമയിലായ അപകടം; ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച്പണം തട്ടിയതിൽ പ്രതി ഷജീലിനെതിരെമറ്റൊരു കേസ് കൂടി

കോഴിക്കോട്: വടകരയിൽ 9 വയസുകാരി കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പുതിയ കേസ്.നേരത്തെ ഇയാള്‍ക്കെതിരെയുള്ള കേസുകൾക്ക് പുറമേയാണ് പുതിയ കേസ്. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 30000 രൂപയാണ് ഷജീൽ തട്ടിയെടുത്തത്. അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചത്.ഇതിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അപകടം റിപ്പോർട്ട് ചെയ്യാതിരുന്നതിനും പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കാറിടിച്ച് പരിക്കേറ്റ ദൃഷാന പത്ത് മാസത്തിലേറെയായി കോമയിലാണ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീലാണ് വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ പോവുകയായിരുന്നു . ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തത് അന്വേഷണത്തിന് വഴിത്തിരിവായെന്നും വടകര റൂറൽ എസ് പി പ്രതികരിച്ചിട്ടുണ്ടായിരുന്നു അപകടത്തിൽ ദൃഷാനയുടെ മുത്തശി മരിച്ചിരുന്നു. അപകടവുമായി സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സർക്കാരിൽ നിന്നും ഹൈക്കോടതി അടിയന്തര റിപ്പോർട്ട്‌ തേടിയിരുന്നു. എത്രയും പെട്ടന്ന് കാർ കണ്ടെത്താൻ പൊലീസിന് നിർദേശവും നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുകയാണ് ദൃഷാന.അതേസമയം വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Related Articles

Latest Articles