Friday, May 17, 2024
spot_img

വാളയാർ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവം ; ഒരാൾ അറസ്റ്റിൽ; പിടിയിലായത് പ്രതി ജോലി ചെയ്തിരുന്ന കരാർ കമ്പനിയിലെ സൂപ്പർവൈസറായ പെരുമ്പാവൂർ സ്വദേശി

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച കേസിൽ പ്രതികളിൽ ഒരാളായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കരാർ കമ്പനിയിലെ സൂപ്പർവൈസറായ പെരുമ്പാവൂർ സ്വദേശി നിയാസാണ് പിടിയിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. കേസിൽ ബിനാനിപുരം പോലീസാണ് നിയാസിനെ അറസ്റ്റ് ചെയ്തത്

പീഡനക്കേസിലെ പ്രതികളിലൊരാളായ ചെറിയ മധുവിനെയാണ് (33) ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ഇയാൾ. കമ്പനിയിൽ നിന്ന് ചെമ്പ് തകിട് മോഷണം പോയ സംഭവത്തിൽ മധുവിനെ നിയാസ് തടഞ്ഞുവച്ചിരുന്നുവെന്നും ഇതിലുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

എടയാറിൽ പ്രവർത്തനം നിലച്ച ബിനാനി സിങ്ക് കമ്പനിയിലെ സ്‌ക്രാപ്പ് നീക്കുന്ന സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന മുറിയിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി ഇയാൾ ഇവിടെ ജോലി ചെയ്യുകയായിരുന്നു.

2017 ജനുവരി 7നും മാർച്ച് 4നുമായാണു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേർന്നു ഷീറ്റു മേഞ്ഞ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണു കേസിലെ പ്രതികൾ. ഇതിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ നാലാം പ്രതിയായ ചെറിയ മധുവും ആത്മഹത്യ ചെയ്തത്.

വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികൾക്കെതിരെ 6 കേസുകളാണുണ്ടായിരുന്നത്. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി.

Related Articles

Latest Articles