മുംബൈ: മഹാരാഷ്ട്രയിൽ തലയ്ക്ക് 16 ലക്ഷം രൂപ പാരിതോഷികമായി സർക്കാർ പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. ചായിനുറാം എന്ന് അറിയപ്പെടുന്ന സുക്കു വാട്ടേ കോർസയാണ് അറസ്റ്റിലായത്. ഗഡ്ചിരോളിയിലെ മഹാരാഷ്ട്ര- ഛത്തീസ്ഗഡ് അതിർത്തിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മേഖലയിൽ ഇയാൾ രഹസ്യമായി കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരൻ അറസ്റ്റിലായത്.
പോലീസ് എത്തിയത് അറിഞ്ഞ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അതിസാഹസികമായി പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഛത്തീസ്ഗഡ് താക്കെമെട്ട സ്വദേശിയാണ് കോർസ. ഇക്കഴിഞ്ഞ മാർച്ചിൽ ഇയാളുമായി പോലീസ് ഏറ്റുമുട്ടിയിരുന്നു. ഇതിൽ നിരവധി ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. കൊലപാതക കേസിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണ്. 2016 ഓടെയായിരുന്നു ഇയാൾ കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങളിൽ സജീവമായത്. ഇതിന് ശേഷം കോർസയെ ഡെപ്യൂട്ടി കമാൻഡർ ആക്കുകയായിരുന്നു.

