Friday, October 2, 2026

‘ഗുരുത്വം ശിഷ്യന്റെ അന്തരംഗത്തിൽ പൂർണമാകുന്ന അനുഭവം’; ഗുരുപൂർണിമ ആഘോഷത്തിൽ ആചാര്യശ്രീ രാജേഷ്

കോഴിക്കോട്: ഗുരുത്വം എന്നത് ഗുരുവിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ശിഷ്യന്റെ അന്തരംഗത്തിൽ സ്ഫുടമായി വിരിയുമ്പോഴാണ് അതിന്റെ പൂർണത കൈവരുന്നതെന്ന് ആചാര്യശ്രീ രാജേഷ്. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒറ്റത്തെങ്ങ് വേദമഹാമന്ദിരത്തിൽ സംഘടിപ്പിച്ച ഗുരുപൂർണിമ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു-ശിഷ്യ ബന്ധം യാതൊരു ഉപാധികളാലും ബന്ധിക്കപ്പെടാത്ത വിശുദ്ധ ആത്മബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആ ബന്ധത്തിന്റെ മഹത്വവും പൂർണതയും ഓർമ്മിപ്പിക്കുന്ന ദിനമാണ് ഗുരുപൂർണിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപാസന എന്നത് ജീവിതത്തിന്റെ അവസാന നിമിഷം വരെയും തുടരേണ്ട ആത്മീയ യാത്രയാണെന്ന് ചൂണ്ടിക്കാട്ടിയ ആചാര്യശ്രീ രാജേഷ്, പൂജാമുറികളിൽ മാത്രം ഒതുങ്ങിയിരുന്ന ഉപാസനയെ സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കാശ്യപാശ്രമം നടത്തിവരുന്നതെന്നും പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാനുള്ള മാനസിക കരുത്ത് ഓരോ സാധകനും വളർത്തിയെടുക്കേണ്ടതുണ്ടെന്നും, അതിനായി പ്രവർത്തിക്കുന്നവരായിരിക്കണം യഥാർഥ ഉപാസകരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാവിലെ വേദമഹാമന്ദിരത്തിലെത്തിയ ആചാര്യശ്രീ രാജേഷിന് പൂർണകുംഭം നൽകി സ്വീകരണം നൽകി. വിവേക് ഡി. ഷേണായ്, പി.ടി. വിപിൻ ആര്യ, എം. മുരളീധരൻ വൈദിക്, ഒ. ബാബുരാജ് വൈദിക്, പി. നിർമൽകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഗുരുപൂർണിമ യജ്ഞത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വേദആരതി, ഹിരണ്യ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം, വേദപാരായണം തുടങ്ങിയ ആത്മീയ ചടങ്ങുകളും ഭക്തിസാന്ദ്രമായി നടന്നു.

Related Articles

Latest Articles