നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനൽ ചർച്ചയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത നിലയ്ക്കൽ ഭദ്രാസനത്തിലെ വൈദികൻ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായി പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു. “ഡാഷ് മോനെ നിന്റെ കൽപ്പനയ്ക്ക് മറുപടി നൽകാൻ എനിക്ക് മനസില്ലെടാ” എന്ന ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദ സന്ദേശം വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. നിലയ്ക്കൽ ഭദ്രാസനത്തിൽ അടുത്തയിടെ ഉണ്ടായ പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ. വി . എം. എബ്രഹാം വാഴക്കൽ, അഡ്വ. കെ. കെ. തോമസ് എന്നിവരെ പരിശുദ്ധ ബാവാ നിയമിച്ചു.
” ഒരു പുരോഹിതനും അദ്ധ്യാപകനുമെന്ന നിലയിൽ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണ്. സഭാ മക്കളെ നേർവഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ ഹീനമായ പ്രവർത്തനം സഭാംഗങ്ങൾ മാത്രമല്ല, പൊതു സമൂഹംപോലും ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്. ഒരു സഹോദര വൈദീകനെതിരെ പരാതി ഉന്നയിക്കുവാൻ സഭാപരമോ നിയമപരമോ ആയ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ ചാനൽ ചർച്ചയിൽ പരസ്യമായി കുറ്റാരോപണം നടത്തിയത്, ഒരു അച്ചടക്കമുള്ള വൈദികന് ചേർന്നതല്ല. ഇക്കാരണങ്ങളാൽ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്ന സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയുടെ പൗരോഹിത്യത്തിനടുത്ത എല്ലാ ചുമതലകളിൽനിന്നും
അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുന്നു” – പരിശുദ്ധ ബാവാ പറഞ്ഞു.

