കോഴിക്കോട് : പിഎസ്‌സി കോഴയിൽ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കാനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഭിന്നത. പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്ന ഒരു വിഭാഗവും അച്ചടക്ക നടപടി മതിയെന്ന് മറു വിഭാഗവും നിലപാടെടുത്തിരിക്കുകയാണ്. പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ് ജില്ലാ കമ്മറ്റി ചർച്ച ചെയ്യുന്നത്.
പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭിപ്രായം പറയണമെന്നുമാണ് മറുവിഭാഗത്തിന്റെ ആവശ്യം. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ഉടൻ തന്നെ ഉണ്ടായേക്കും.
നിയമസഭയിലടക്കം സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയ കോഴിക്കോട്ടെ പിഎസ്‌സി കോഴ വിവാദം നേരത്തെ ഒത്തുതീർപ്പായിരുന്നു. പിഎസ്‍സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നൽകിയെന്നും പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭർത്താവ് പോലീസിൽ മൊഴി നൽകി. പിഎസ്‌സി അംഗത്വ നിയമനത്തിനുള്ള നീക്കമല്ലെന്നും മറിച്ച് ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് പാർട്ടിക്കകത്തെ വിശദീകരണം. എന്നാൽ സ്ഥലം മാറ്റത്തിന് ആരെങ്കിലും 60 ലക്ഷം കോഴ നൽകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

