Friday, October 16, 2026

അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ഏജന്റുമാര്‍ക്കെതിരെ 30 ദിവസത്തിനകം നടപടിയെടുക്കണം ! പഞ്ചാബ് സര്‍ക്കാരിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി

ചണ്ഡീഗഡ് : വിദേശരാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ഏജന്റുമാര്‍ക്കെതിരെ 30 ദിവസത്തിനകം നടപടിയെടുക്കാന്‍ പഞ്ചാബ് സര്‍ക്കാരിന് കർശന നിർദ്ദേശവുമായി പഞ്ചാബ് – ഹരിയാണ ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 30 ദിവസത്തിനകം എമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.അനധികൃതമായി കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ അമേരിക്ക സൈനിക വിമാനത്തില്‍ തിരികെ എത്തിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ വ്യാജ ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അഭിഭാഷകനായ കാന്‍വാര്‍ പഹുല്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി. വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.

1983-ലെ എമിഗ്രേഷന്‍ ആക്ടിലെ അനുച്ഛേദം ആറ് പ്രകാരം പഞ്ചാബിലെ എല്ലാ ജില്ലകളിലും എമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് അനധികൃത കുടിയേറ്റം തടയാന്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതും അംഗീകാരമുള്ളതുമായ റിക്രൂട്ടിങ് ഏജന്‍സികളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റം കൂടുതലായി നടക്കുന്നത്. ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന പ്രത്യേക മാര്‍ഗത്തിലൂടെ ദുഷ്‌കരമായാണ് ഇത്തരത്തില്‍ കുടിയേറ്റം നടത്തുന്നത്.

Related Articles

Latest Articles