തിരുവനന്തപുരം: യുവ നടൻ ദുല്‍ഖര്‍ സല്‍മാനെതിരെ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫെറര്‍ നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും തുടര്‍ന്നുള്ള ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ആകുമെന്നും കമ്പനി അറിയിച്ചു.
ദുല്‍ഖര്‍ നിര്‍മ്മിച്ച ‘സല്യൂട്ട്’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിച്ചത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്. ബോബി- സഞ്ജയ് ആണ് തിരക്കഥ എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ‘മുംബൈ പൊലീസി’നു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയാണ് സല്യൂട്ട്. മാത്രമല്ല റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് നായിക. ചിത്രത്തിൽ മനോജ് കെ ജയൻ മറ്റൊരു സുപ്രധാന വേഷത്തില്‍ എത്തുന്നു. അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം.
എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, കലാസംവിധാനം സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, പിആർഒ മഞ്ജു ഗോപിനാഥ്. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം.

