നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. നടനും കൊല്ലം എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ്. സംസ്കാരം നാളെ തൃശ്ശൂരിൽ വെച്ച് നടക്കും. സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ.
തൃശൂർ ജില്ലയിൽ തൃത്തല്ലൂരിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായാണ് ഇ എ രാജേന്ദ്രൻ്റെ ജനനം. തൃത്തല്ലൂർ യു പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. കലാലയപഠനത്തിനു ശേഷം ദില്ലിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന രാജേന്ദ്രൻ, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കോഴ്സിനു ചേർന്നു. പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ് . സന്ധ്യയെ വിവാഹം കഴിക്കുന്നത്.

