പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ തള്ളി ഇറാൻ. അമേരിക്കയുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും ഇറാൻ വ്യക്തമാക്കി. . മുൻപ് നടന്ന ചർച്ചകളിൽ അമേരിക്ക ഇറാാനെ വഞ്ചിച്ച അനുഭവം ഉണ്ടെന്നും അതിനാൽ നിലവിലെ നിർദ്ദേശങ്ങളിൽ ആത്മാർത്ഥതയില്ലെന്നുമാണ് ടെഹ്‌റാന്റെ പക്ഷം.
പ്രധാനമായും അഞ്ച് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുള്ള എല്ലാ അധിനിവേശങ്ങളും പൂർണ്ണമായും അവസാനിപ്പിക്കുക എന്നതാണ് ഒന്നാമത്തെ ആവശ്യം. കൂടാതെ ഭാവിയിൽ ഇറാാനെതിരെ യാതൊരുവിധ സൈനിക നീക്കങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്നും യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. മേഖലയിലെ എല്ലാ പ്രതിരോധ ഗ്രൂപ്പുകൾക്കും ഗുണകരമാകുന്ന രീതിയിൽ എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം ഔദ്യോഗികമായി അംഗീകരിക്കണമെന്നുമാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.
ഉപരോധങ്ങൾ നീക്കുക, ഇറാന്റെ ആണവ പദ്ധതികളിൽ നിയന്ത്രണം കൊണ്ടുവരിക, മിസൈൽ പരീക്ഷണങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയ 15 നിർദ്ദേശങ്ങളാണ് അമേരിക്ക മുന്നോട്ട് വച്ച വെടിനിർത്തൽ കരാറിൽ ഉണ്ടായിരുന്നത്. എന്നാൽ സമാധാന ചർച്ചകൾക്ക് മുൻപ് തങ്ങളുടെ അഞ്ച് നിബന്ധനകൾ അംഗീകരിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ വലിയ സമ്മർദ്ദമാണ് നിലവിലുള്ളത്.

