Wednesday, May 22, 2024
spot_img

മലയാളികളിന്നും നോവോടെ ഓർക്കുന്ന മുഖം: അബിക്കയുടെ ഓർമ്മകൾക്ക് ഇന്ന് നാലാണ്ട്!

മലയാളികളുടെ മനസിൽ നിന്നും മായാതെ നിൽക്കുന്ന മുഖമാണ് നടൻ അബിയുടേത്. കലാഭവൻ മണിയെപ്പോലെ, അബീക്കാ എന്നും എല്ലാവരുടെയുമുള്ളിൽ ഇന്നും നിറഞ്ഞ ചിരിയോടെ വിരിഞ്ഞു നിൽക്കുന്ന മുഖങ്ങളിലൊന്ന്. മിമിക്രി താരമായും നടനയുമെല്ലാം ധാരാളം നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് അബി കടന്നു പോയത്. ആകസ്മികമായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. ഇന്ന് അബിയുടെ ഓര്‍മ്മ ദിനമാണ്.

2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. രക്തസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. 50 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്തിലൂടെയാണ് അബി പ്രശസ്തനാവുന്നത്. കേരളത്തിലെ മിമിക്രിയുടെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് അബി. കൊച്ചിൻ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളിൽ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധേ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.

1991 ൽ ‘നയം വ്യക്തമാക്കുന്നു’ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ ഹാസ്യ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാലോകത്തേക്ക് കടക്കുന്നത്. മലയാളത്തിൽ മിമിക്രി കാസെറ്റുകൾക്കു സ്വീകാര്യത നൽകിയത് അബിയായിരുന്നു. ഹബീബ് അഹമ്മദ് എന്നാണ് അബിയുടെ യാഥാർഥ പേര്. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തിൽ ഏറെ ശ്രദ്ധ നേടിയത്. രാഷ്ട്രീയ നേതാക്കളെയും അബി അനകരിക്കുമായിരുന്നു. കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും വേദികളിൽ അബി മിമിക്രിയിലൂടെ കീഴടക്കിയിരുന്നു.

മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും അബി സമാന്തരമായി തൻ്റെ പാഷനായ മിമിക്രിയിൽ വളരെ സജീവമായി നിലകൊണ്ടിരുന്നു. കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും അബി ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.

ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവിൽ കൂടാരം, ആനപ്പാറ അച്ചാമ്മ, പോർട്ടർ, കിരീടിമില്ലാത്ത രാജാക്കന്മാർ, രസികൻ, വാർധക്യ പുരാണം, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, ഹാപ്പി വെഡ്ഡിങ്, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുനിലയാണ് ഭാര്യ. ഷെയ്ൻ നിഗം, അഹാന, അലീന എന്നിവർ മക്കളാണ്. മിമിക്രി ലോകത്തെ മിന്നും താരമായ അബി സിനിമയിലേക്ക് എത്തിയപ്പോള്‍ ആ വിജയം ആവര്‍ത്തിക്കാനായില്ല. എന്നാൽ അബിയുടെ മകൻ ഷെയ്ൻ നിഗം ഇപ്പോൾ മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമായി മാറിയിട്ടുണ്ട്.

Related Articles

Latest Articles