ആലപ്പുഴ: നടുറോഡില്‍ സിനിമാ സ്റ്റൈലില്‍ നടന്‍റെ പൊരിഞ്ഞ തല്ല്. സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്എല്‍ പുരത്തുവച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കൈയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയ്യേറ്റത്തിലേക്ക് നയിച്ചത്. നടനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

എസ്എൽ പുരത്ത് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് നടുറോഡിൽ സംഘര്‍ഷം അരങ്ങേറിയത്. നടന്‍ സുധീറും രണ്ടു സുഹൃത്തുകളും എസ്എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഢംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇതു ചോദ്യം ചെയ്തപ്പോൾ വാക്കുതർക്കമായി.

തുടർന്നു ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ, അനൂപിനെ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെ മറ്റൊരു വഴിയാത്രക്കാരനായ ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചു. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരുക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.

നടനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ ഇവരെ പൊലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. പരുക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധീറിനെയും സുഹൃത്തുക്കളെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.