കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. രാവിലെ പത്തിന് ആലുവ പോലീസ് ക്ലബിൽ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ തന്നെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കും.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടോയെന്നും, മുഖ്യപ്രതിയുമായുളള ദിലീപിന്‍റെ അടുപ്പം സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുളളവർ നൽകിയിരിക്കുന്ന മൊഴിയെ കുറിച്ചും തുടങ്ങി കേസിലെ സുപ്രധാനമായ വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യൽ നടത്തുക.
അതേസമയം, ദിലീപിന്‍റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളുമുണ്ടെന്ന് ഹാക്കർ സായി ശങ്കറിന്റെ മൊഴി പുറത്ത് വന്നിരുന്നു. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞെന്നാണ് ഹാക്കർ സായ് ശങ്കറിന്‍റെ മൊഴി. ഇതിൽ ചില കോടതി രേഖകൾ സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

