Monday, May 20, 2024
spot_img

ഗുഢാലോചനയിലെ പ്രധാന തെളിവ്: നടൻ ദിലീപിന്റെ സ്വിഫ്റ്റ് കാർ കസ്റ്റഡിയിൽ എടുത്തു; നടന്റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിൽ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ദിലീപിനെ കുരുക്കുന്ന, നിർണായകമായേക്കാവുന്ന കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാർ നടന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്.

2016-ൽ പൾസർ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിത്. മാത്രമല്ല ഗൂഡലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു. മാത്രമല്ല നടന്റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടിൽവെച്ച് പൾസർ സുനിയ്ക്ക് ദിലീപ് പണം കൈമാറിയിരുന്നെന്നും, കാറിൽ മടങ്ങുമ്പോള്‍ പൾസർ സുനിയ്ക്കൊപ്പം ദിലീപിന്‍റെ സഹോദരൻ അനൂപും ഉണ്ടായിരുന്നെന്നും ക്രൈംബ്രാ‌ഞ്ച് പറയുന്നു.

അതിനിടെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. പൾസറിന്റെ സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിർണായക തെളിവാണ് ഈ കത്ത്. കത്തിൽ ദിലീപും പൾസറും തമ്മിലുള ബന്ധം വ്യക്തമാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ ശേഖരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. ഈ സാംപിൾ ഉടൻ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം 2018 മെയ് 7 നായിരുന്നു സുനി ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കും എന്നായിരുന്നു കത്തിൽ ഉണ്ടായത്. അതേസമയം അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല എന്നും കത്തിലുണ്ട്. കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകൻ സജിത്തിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞു തിരിച്ചു നൽകുകയും ചെയ്യുകയായിരുന്നു. ഇതിന് മുൻപ് കത്തിന്റെ പകർപ്പ് പൾസർ സുനിയുടെ അമ്മയുടെ കൈവശത്തു നിന്ന് കണ്ടെത്തിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.

Related Articles

Latest Articles