Friday, June 7, 2024
spot_img

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെയും ബാലചന്ദ്രകുമാറിനയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യംചെയ്യും. തിങ്കളാഴ്ചയാണ് കാവ്യയോട് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേദിവസം തന്നെ ബാലചന്ദ്രകുമാറിനോടും ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസിൽ ബാലചന്ദ്രകുമാർ നൽകിയ നിർണായക തെളിവുകളിൽ കാവ്യയ്ക്കെതിരായ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് വിലയിരുത്തൽ. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്റെയും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ നടത്തുക. കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പം ഈ ശബ്ദരേഖ ഉള്‍പ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്.

Related Articles

Latest Articles