Friday, May 17, 2024
spot_img

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. പുനർവിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂർണമായും അംഗീകരിക്കാത്തതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്.

എന്നാൽ വിചാരണ കോടതി ഈ ആവശ്യം പൂർണമായും അംഗീകരിച്ചിരുന്നില്ല. സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി എതിർത്തതോടെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.16 പേരുടെ പട്ടികയിൽ ഏഴുപേർ നേരത്തെ സാക്ഷി പറഞ്ഞതാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ട് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഒമ്പത് പേരിൽ നിന്നും വീണ്ടും വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണ്ണായക തെളിവുകൾ അപ്രസക്തമായെന്നും ഹർജിയിൽ പറയുന്നുണ്ട്.

Related Articles

Latest Articles