മുംബൈ : സ്വത്തുതർക്കത്തെ തുടർന്ന് മകന്റെ ബേസ്ബോൾ ബാറ്റുകൊണ്ടുള്ള അടിയേറ്റ് മരിച്ചെന്ന വാർത്തകൾ പ്രചരിച്ച നടി വീണാ കപൂർ (74) ജീവനോടെ രംഗത്ത് വന്നു. മകൻ കൊലപ്പെടുത്തിയെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈയിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊല്ലപ്പെട്ടത് തന്റെ പേരുമായി സാമ്യമുള്ള മറ്റാരോ ആണെന്ന്, വീണാ കപൂർ പരാതിയിൽ പറയുന്നു
‘ഇത് വ്യാജ വാർത്തയാണ്. വീണാ കപൂർ എന്ന പേരിൽ ഒരാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ആ വീണാ കപൂർ ഞാനല്ല. ഞാൻ ഗോർഗാവിലാണ് താമസിക്കുന്നത്, വാർത്തകളിൽ പറയുന്നതുപോലെ ജുഹുവിലല്ല. ഞാനും ഇവിടെ മകനോടൊപ്പമാണ് താമസം. അതുകൊണ്ടാണ് കൊല്ലപ്പെട്ടത് ഞാനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്’ – വീണാ കപൂർ മാധ്യമങ്ങളോടു പ്രതികരിച്ചു.
നടി വീണാ കപൂറിനെ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയിൽ തള്ളിയ കേസിൽ മകൻ സച്ചിൻ കപൂറും ജോലിക്കാരനും അറസ്റ്റിലായെന്നായിരുന്ന വാർത്ത ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഈ വാർത്തയിൽ പറയുന്ന വീണയും മകനും വേറെ ആളുകളാണെന്നാണ് നടി വീണയുടെ ഭാഷ്യം

