തിരുവനന്തപുരം : വിവാദങ്ങൾക്കൊടുവിൽ എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി ഉത്തരവിറങ്ങി. ഡിജിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. എം ആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്. ഇതോടെ ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു.
മുഖ്യമന്ത്രി നേരിട്ടെത്തിയാണ് ഉത്തരവിൽ ഒപ്പിട്ടത്. അസാധാരണമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദിനത്തിൽ സെക്രട്ടേറയറ്റിൽ എത്തുന്നത്. 20 മിനിറ്റോളം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ചെലവഴിച്ചതായാണ് വിവരം. തൃശ്ശൂർപ്പൂരം കലക്കലിലടക്കം എഡിജിപി ആരോപണ നിഴലിലായിരുന്നു . എന്നാൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേകാന്വേഷണത്തിന് ശേഷം മാത്രമേ എ.ഡി.ജിപിക്കെതിരേ നടപടി ഉണ്ടാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എഡിജിപിയെ മാറ്റിയേ തീരൂ എന്ന നിലപാടിൽ സിപിഐയും ആർജെഡിയുമടക്കമുള്ള ഘടക കക്ഷികൾ രംഗത്തെത്തിയിരുന്നു.

