എഡിജിപി എം ആർ അജിത് കുമാറിനെതിരായ നടപടി സ്വാഗതാർഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം ആർ അജിത് കുമാറിനെതിരായ വിവാദങ്ങൾ ഉയർന്നു വന്നത് മുതൽ അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നുവെങ്കിലും എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടായായിരുന്നു മുഖ്യമന്ത്രി ഇതുവരെയും സ്വീകരിച്ചു പോന്നിരുന്നത്.
“ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പാതയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന എൽഡിഎഫ് സർക്കാർ ആ ദിശയിൽ കൈകൊണ്ട ഉചിതമായ നടപടിയാണിത്. ക്രമസമാധാന പാലന ചുമതലയിൽ നിന്നും അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സിപിഐയുടെ അല്ല എൽഡിഎഫിന്റെ വിജയമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ എൽഡിഎഫ് സർക്കാരിനെ കമ്മ്യൂണിസ്റ്റ് പാർട്ടി കാണുന്നത് ഇടതുപക്ഷ നയങ്ങൽ ഉയർത്തിപ്പിടിക്കാൻ കടപ്പെട്ട സർക്കാരായാണ്. ആ സർക്കാരിന് ഒരു അടിത്തറയുണ്ട്. ഈ നടപടി എൽഡിഎഫിനെ പിന്തുണക്കുന്ന എല്ലാവരുടേയും വിജയമാണ്.”- ബിനോയ് വിശ്വം പറഞ്ഞു.
എം ആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്. ഇതോടെ ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു.

