ന്യൂഡല്‍ഹി: റഫാല്‍ രേഖകള്‍ ചോര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പകര്‍പ്പ് വഴി രേഖകള്‍ മോഷ്ടിക്കുകയായിരുന്നെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

രഹസ്യ രേഖകള്‍ ശത്രുക്കള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. പോർവിമാനത്തിന്റെ യുദ്ധക്ഷമതയാണ് രേഖകള്‍ പുറത്തുവന്നതിലൂടെ വെളിപ്പെട്ടത്. രേഖകള്‍ അനധികൃതമായി പകര്‍പ്പെടുക്കുക വഴി ഫ്രാന്‍സുമായുള്ള കരാര്‍ ലംഘിക്കപ്പെട്ടിരിക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ തവണ റഫാല്‍ കേസ് പരിഗണിക്കവെയാണ് റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് മോഷണം പോയതായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇതില്‍ കേസെടുക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മോഷണം പോയെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം തിരുത്തുകയും രേഖകളുടെ പകര്‍പ്പെടുപ്പ് പ്രചരിപ്പിച്ചെന്നാണ് കോടതിയില്‍ പറഞ്ഞതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.