Tuesday, May 7, 2024
spot_img

സംഭവബഹുലമായ ഒന്നാം ദിവസം പൂർത്തിയാക്കി തിരുവാഭരണ യാത്ര രണ്ടാം ദിവസത്തെ പ്രയാണം ആരംഭിച്ചു, ഇന്ന് അയിരൂർ മുതൽ ളാഹ വരെ, തത്വമയിയുടെ തത്സമയകാഴ്ച തുടരും, ഒന്നാം ദിനം കണ്ടത് ജനലക്ഷങ്ങൾ

പന്തളം: സംഭവബഹുലമായ ഒന്നാം ദിനയാത്ര കഴിഞ്ഞുള്ള രാത്രി വിശ്രമത്തിനു ശേഷം തിരുവാഭരണ ഘോഷയാത്ര പുനരാരംഭിച്ചു. അയിരൂർ മുതൽ ളാഹ വരെയാണ് ഇന്നത്തെ യാത്ര. ളാഹ സത്രത്തിൽ തിരുവാഭരണ വാഹക സംഘം ഇന്ന് വിശ്രമിക്കും. തത്വമയി ഒരുക്കുന്ന തത്സമയ കാഴ്ചകൾ ഇന്നും തുടരും. ഒന്നാം ദിവസമായ ഇന്നലെ ജനലക്ഷങ്ങളാണ് തിരുവാഭരണ യാത്ര തത്സമയം തത്വമയിയിലൂടെ വീക്ഷിച്ചത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് തിരുവാഭരണ ഘോഷയാത്ര പന്തളം ദേവസ്വം ഓഫീസിൽ നിന്ന് ആരംഭിച്ചത്. പുലർച്ചെ മൂന്നു മണിക്ക് തന്നെ പ്രാരംഭ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഗുരുസ്വാമിമാരെ മാലയിട്ട് ആദരിച്ച് തിരുവാഭരണങ്ങൾ പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്ന് വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നു. മുതിർന്ന രാജകുടുംബാഗം കൈപ്പുഴ മാളികയിൽ രുക്മിണി തമ്പുരാട്ടിയുടെ ദേഹവിയോഗത്തെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രം അടക്കേണ്ടി വന്നതിനാൽ തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചത് പതിവിന് വിപരീതമായി ദേവസ്വം ഓഫീസിൽ നിന്നായിരുന്നു. മരണം കാരണം രാജപ്രതിനിധി ഇത്തവണ തിരുവാഭരണ വാഹക സംഘത്തെ അനുഗമിക്കുന്നില്ല.

മണികണ്ഠനാൽത്തറ ഉൾപ്പെടെ തിരുവാഭരണ പാതയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ആയിരക്കണക്കിന് ഭക്തജനങ്ങൾ തടിച്ചു കൂടിയിരുന്നു. കോവിഡിന്റെ നിയന്ത്രണങ്ങൾ ഒഴിഞ്ഞതിനാൽ വലിയ ഭക്തജന പങ്കാളിത്തം ഇത്തവണത്തെ തിരുവാഭരണയാത്രയിലുണ്ട്. നാളെ വൈകുന്നേരം മകരവിളക്ക് പൂജകൾക്ക് തൊട്ട് മുൻപ് തിരുവാഭരണങ്ങൾ സന്നിധാനത്ത് എത്തും. തിരുവാഭരണങ്ങൾ ചാർത്തി നടക്കുന്ന മകരവിളക്ക് പൂജയോടെ സന്നിധാനത്ത് മകരവിളക്ക് മഹോത്സവത്തിനു തുടക്കമാകും. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.http://bit.ly/3Gnvbys

Related Articles

Latest Articles