Sunday, April 28, 2024
spot_img

ഭൂമിയിലെ സ്ത്രീകളുടെ നരകം !അഫ്‌ഗാനിസ്ഥാനിൽ ആറാം ക്ലാസിന് ശേഷം നിർബന്ധപൂർവ്വം പഠനം ഉപേക്ഷിച്ച് പെൺകുട്ടികൾ ! ഓരോ ദിനം കഴിയുന്തോറും അഫ്ഗാൻ പെൺകുട്ടികളുടെ ഒരു തലമുറ പിന്നാക്കം പോവുകയാണെന്ന് ഐക്യരാഷ്ട്ര സഭാ പ്രതിനിധി

കാബൂൾ : സ്ത്രീകളുടെ നരകമെന്ന കുപ്രസിദ്ധി പേറുന്ന രാജ്യമാണ് ഇന്ന് അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെ അടിച്ചേൽപ്പിച്ച കാടൻ നിയമങ്ങൾ ഇന്ന് മാനവ രാശിയെത്തന്നെ നോക്കി പല്ലിളിക്കുകയാണ്. പെൺകുട്ടികൾക്ക് ആറാം ക്ലാസിനപ്പുറം പഠിക്കുന്നതിന് വിലക്കേർപ്പെടുത്തിയപ്പോൾ പൊടുന്നനെ കൊട്ടിയടയ്ക്കപ്പെട്ടത് രാജ്യത്തെ മുഴുവൻ സ്‌ത്രീ സമൂഹത്തിന്റെയും വർത്തമാനത്തെയും ഭാവിയെയുമാണ്.

ഇക്കഴിഞ്ഞ 11-ന് കാബൂളിലെ ബിബി റസിയ സ്‌കൂളിൽ 13കാരിയായ ബഹറ റുസ്തം തന്റെ വിദ്യാഭ്യാസം അവസാനിച്ചെന്നറിഞ്ഞ് അവസാന വിങ്ങിപ്പൊട്ടി വീട്ടിലേക്ക് മടങ്ങിയത് അദ്ധ്യാപകരെ പോലും വേദനിപ്പിച്ചു.

“എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയില്ല,.എനിക്ക് ഒരു അദ്ധ്യാപികയാകാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇനി എനിക്ക് പഠിക്കാൻ കഴിയില്ല, എനിക്ക് സ്കൂളിൽ പോകാൻ കഴിയില്ല”- ബഹറ കണ്ണീരോടെ പറഞ്ഞു.

താലിബാൻ ഭരണത്തിന് കീഴിൽ, ഒരിക്കലും അവൾക്ക് വീണ്ടും ഒരു ക്ലാസ് മുറിയിൽ കാലുകുത്താൻ കഴിയില്ല. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

2021 സെപ്തംബറിൽ, രണ്ട് ദശാബ്ദക്കാലത്തെ യുദ്ധത്തിന് ശേഷം അമേരിക്കൻ, നാറ്റോ സൈനികർ നിന്ന് പിൻവാങ്ങിയതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത്. അധികാരത്തിലേറി ഒരു മാസത്തിന് ശേഷം, പെൺകുട്ടികൾക്ക് ആറാം ക്ലാസിനപ്പുറം പഠിക്കുന്നത് വിലക്കിയതായി താലിബാൻ പ്രഖ്യാപിച്ചു. 2022 ഡിസംബറിൽ അവർ ഈ വിദ്യാഭ്യാസ നിരോധനം സർവ്വകലാശാലകളിലേക്കും വ്യാപിപ്പിച്ചു.

ഓരോ ദിവസം കഴിയുന്തോറും അഫ്ഗാൻ പെൺകുട്ടികളുടെ ഒരു തലമുറ പിന്നാക്കം പോവുകയാണെന്ന് യുഎൻ പ്രതിനിധി റോസ ഒതുൻബയേവ കഴിഞ്ഞ ആഴ്ച ആശങ്ക പ്രകടിപ്പിച്ചു.

അതേസമയംകഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്, പരമ്പരാഗതമായി ആൺകുട്ടികൾ മാത്രമായിരുന്ന മദ്രസകൾ എന്നറിയപ്പെടുന്ന മതപാഠശാലകളിൽ എല്ലാ പ്രായത്തിലുമുള്ള അഫ്ഗാൻ പെൺകുട്ടികൾക്ക് പഠിക്കാൻ അനുവാദമുണ്ടെന്നാണ്. എന്നാൽ ആധുനിക വിഷയങ്ങൾ അനുവദിക്കുന്ന നിലവാരമുള്ള പാഠ്യപദ്ധതി ഇവിടെയുണ്ടോ എന്നതിൽ വ്യക്തതയില്ല. വിദ്യാഭാസത്തിന് പുറമെ പൊതു ഇടങ്ങളിൽ നിന്നും മിക്ക ജോലികളിൽ നിന്നും താലിബാൻ സ്ത്രീകളെ വിലക്കിയിട്ടുണ്ട്.

Related Articles

Latest Articles