Thursday, May 16, 2024
spot_img

അഗ്നിപഥ്; റിക്രൂട്ട്മെന്റുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ദില്ലി: അഗ്നിപഥ് റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാൻ സർക്കാർ നിർദ്ദേശം നൽകി. സായുധ സേനകൾക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നല്കിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇതിനായി യോഗം ചേർന്നിരുന്നു. അഗ്നിപഥിന്റെ ഭാഗമായി വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. മാത്രമല്ല കരസേന തിങ്കളാഴ്ചയും നടപടികൾ ആരംഭിക്കും.

അതേസമയം, അഗ്‌നിപഥ് റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി 21 വയസിൽ നിന്ന് 23 വയസായി കേന്ദ്രം ഉയർത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ്. റിക്രൂട്ട്‌മെന്റ് പൂർണ്ണമായി പിൻവലിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം.

ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ട്രെയിനുകൾക്ക് തീയിടൽ, കല്ലേറ് തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കെതിരെ ഗൂഢമായ നീക്കങ്ങളാണ് രാജ്യവ്യാപകമായി നടക്കുന്നത്. എന്നാൽ ഇവരാരും പദ്ധതിയെ കുറിച്ച് മനസ്സിലാക്കാതെയാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്.

അതേസമയം, അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി.

Related Articles

Latest Articles